schanning

കൊല്ലം: റേഡിയോളജിസ്റ്റിന്റെ തസ്കിക ഒഴിഞ്ഞുകിടക്കുന്നതിനാൽ, ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ സ്കാനിംഗിന് കാത്തിരിക്കേണ്ടത് മൂന്ന് മാസം വരെ. അടിയന്തര സ്കാനിംഗുകൾ മാത്രം അന്നന്ന് നടത്തും. ആകെയുള്ള ഒരു ഡോക്ടർ അവധിയായാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായിപ്പോലും സ്വകാര്യ കേന്ദ്രങ്ങളിലേക്ക് പായേണ്ട അവസ്ഥയാണ്.

സ്വകാര്യ ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള റഫറൻസിന് ഇ.എസ്.ഐ കോർപ്പറേഷൻ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ റേഡിയോളജിസ്റ്റ് അവധിയായ ദിവസങ്ങളിൽ മാത്രമാണ് എംപാനൽ ചെയ്ത സ്വകാര്യ കേന്ദ്രങ്ങളിലേക്ക് സ്കാനിംഗിന് അയയ്ക്കുന്നത്. അല്ലാത്തപ്പോൾ അടിയന്തര സാഹചര്യമല്ലെങ്കിൽ പാരിപ്പള്ളി മെഡിക്കൽ കോളേജോ ജില്ലാ ആശുപത്രിയോ ആണ് എഴുതി നൽകുന്നത്.

അവിടെയും തിരക്കായതിനാൽ പാഞ്ഞുചെന്നാലും അന്ന് തന്നെ സ്കാനിംഗ് നടക്കില്ല. ഇങ്ങനെ രോഗ നിർണയത്തിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട് തന്നെ പാവപ്പെട്ട ഇ.എസ്.ഐ ഗുണഭോക്താക്കൾ പണം നൽകി സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണ്.


ആത്മാർത്ഥതയില്ലെന്ന് പരാതി

രണ്ട് ദിവസം മുമ്പ് ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സ തേടിയ ചവറ സ്വദേശിനിയെ രണ്ട് ദിവസത്തിനിടയിൽ മൂന്ന് ഡോക്ടർമാർ പരിശോധിച്ചിട്ടും രോഗം കണ്ടെത്തിയില്ല. ഒടുവിൽ സ്വകാര്യ ആശുപത്രിയെ സമീപിച്ചതോടെ ഒരു മണിക്കൂറിനുള്ളിൽ രോഗം നിർണയിച്ചു. കൃത്യമായി പരിശോധനകൾ നടത്താതെ ഡോക്ടർമാർ തട്ടിക്കളിക്കുകയായിരുന്നുവെന്ന് ചവറ സ്വദേശി പറയുന്നു.

ജോലി ചെയ്യാൻ റേഡിയോളജിസ്റ്റില്ല

 നേരത്തെ ഉണ്ടായിരുന്നത് രണ്ട് റേഡിയോളജിസ്റ്റുമാർ

 കൂട്ട സ്ഥലമാറ്റത്തിൽ ഒരു റേഡിയോളജിസ്റ്റിനെ മാറ്റി

 പകരം നിയമിച്ച ഉത്തരേന്ത്യൻ സ്വദേശി എത്തിയില്ല

 ഇതോടെ ഇ.എസ്.ഐ ആശുപത്രിയിലെ സ്കാനിംഗ് മുടങ്ങി

ഒരു ദിവസം അൾട്രാ സൗണ്ട് സ്കാനിംഗ് - 30-40

അത്യാവശ്യത്തിന് മാറ്റിവയ്ക്കുന്നത് - 10 സ്ലോട്ട്

ഉടൻ എംപാനൽമെന്റ്

ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് ജില്ലാ ആശുപത്രിയിലെ സ്കാനിംഗ് കേന്ദ്രത്തിൽ പണമടയ്ക്കാതെ തന്നെ സ്കാനിംഗ് നടത്താൻ ഇ.എസ്.ഐ കോർപ്പറേഷന്റെ എംപാനൽ കേന്ദ്രമാക്കാനുള്ള നടപടി തുടങ്ങി. എംപാനൽ ചെയ്താൽ ഗുണഭോക്താക്കൾ പണം അടയ്ക്കേണ്ട. ഇ.എസ്.ഐ കോർപ്പറേഷൻ പണം കൈമാറും.

റേഡിയോളജിസ്റ്റിന്റെ ഒഴിവ് നികത്താൻ അടുത്തിടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചെങ്കിലും ആരുമെത്തിയില്ല.

ഡോ. ബി.സുമാദേവി

ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്