കരുനാഗപ്പള്ളി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ നടപ്പാക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം അഴീക്കൽ ഗവ. ഹൈസ്കൂളിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി നിർവഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്ക് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ് മുഖ്യാതിഥിയായി. അഴിക്കൽ ഗവ.ഹൈസ്കൂൾ ലഹരിക്കെതിരെ നിർമ്മിച്ച " ബി വിത്ത് യു" എന്ന ഹൃസ്വചിത്രത്തിന്റെ അണിയറപ്രവർത്തകരായ വിദ്യാർത്ഥികൾക്കും സ്കൂളിനും കൊല്ലം വിമുക്തി മിഷന്റെ സ്നേഹാദരവ് നൽകി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ലഹരി വിരുദ്ധ സന്ദേശം നൽകി. അസി.എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്.മനോജ് കുമാർ, ഗ്രാമപഞ്ചായത്തംഗം ശ്യാംകുമാർ, പി.ടി.എ പ്രസിഡന്റ് ലിജിമോൻ, പ്രിവന്റീവ് ഓഫീസർമാരായ എസ്.ആർ.ഷെറിൻരാജ് , വൈ.സജികുമാർ, യു.എം.സി താലൂക്ക് പ്രസിഡന്റ് ഷമ്മാസ് ഹൈദ്രോസ്, സിവിൽ എക്സൈസ് ഓഫീസർ കെ.സാജൻ, പ്രിയങ്ക എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക കെ.എൽ.സ്മിത സ്വാഗതം പറഞ്ഞു. തുടർന്ന് വീഡിയോ പ്രദർശനവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിന്റെ പരിധിയിലുള്ള പത്തൊമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ ജിനു തങ്കച്ചൻ, ചാൾസ്, ഹരിപ്രസാദ്, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.