കൊല്ലം: കാൽനടയാത്രക്കാർക്ക് നടക്കാനാകാതെ നഗരത്തിലെ നടപ്പാതകൾ. യാത്രക്കാരുടെ വഴിമുടക്കി നടപ്പാതകളിൽ പലതും കാടുകയറിയും മാലിന്യം കൂട്ടിയിട്ടും പൊട്ടിപൊളിഞ്ഞും കിടക്കുകയാണ്. കടപ്പാക്കട-ആശ്രാമം റോഡിൽ എച്ച്.ഡി.എഫ്.സി ബാങ്കിന് സമീപത്തും കർബല- റെയിൽവേ സ്റ്റേഷൻ റോഡിലും ക്യൂ.എ.സി റോഡിലും കപ്പലണ്ടി മുക്കിൽ നിന്ന് എസ്.എൻ കോളേജിലേക്ക് വരുന്ന റോഡിന്റെ ഇടതുവശത്തും കപ്പലണ്ടിമുക്ക് -കടപ്പാക്കട റോഡിലുമുള്ള നടപ്പാതകളാണ് നടക്കാൻ കഴിയാത്ത രീതിയിലായിരിക്കുന്നത്. എതിർ ദിശയിൽ മറ്റൊരാൾ വന്നാൽ രണ്ട് പേർക്കും ഒരുമിച്ച് കടന്ന് പോകാൻ പറ്റാത്ത വിധം നടപ്പാതകൾ കാടുമൂടിക്കിടക്കുകയാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് നടപ്പാതകൾ ഉപയോഗശൂന്യമാകാൻ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.
തടസങ്ങൾ പലവിധം
എച്ച്.ഡി.എഫ്.സി ബാങ്കിന് സമീപം നടപ്പാതയിൽ പുല്ല് വളർന്നു
ക്യു.എ.സി റോഡിലെ നടപാതയിൽ വിലങ്ങുതടിയായി മുറിച്ചിട്ട മരത്തടി
മരത്തടി എടുത്തുമാറ്രാൻ അധികൃതർ തയ്യാറാകുന്നില്ല
വശങ്ങളിലെ വാഹന പാർക്കിംഗ് കാരണം റോഡിലേക്കും ഇറങ്ങി നടക്കാനാകുന്നില്ല
നടപ്പാതകൾ വൃത്തിയാക്കാനോ ശുചീകരിക്കാനോ കോർപ്പറേഷൻ തയ്യാറാകുന്നില്ല
നടപ്പാതയിൽ മാലിന്യവും
കപ്പലണ്ടി മുക്ക് ശ്രീ മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ നടപ്പാതയും ക്യൂ.എ.സി റോഡിലെ നടപ്പാതയും മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ്. ക്യൂ.എ.സിയിൽ മദ്യക്കുപ്പികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുപ്പിച്ചില്ലുകളും കാൽനടയാത്രക്കാർക്ക് ഭീഷണിയായി ഇവിടെയുണ്ട്.