കഴിഞ്ഞ വർഷം വരെ
ഇരുചക്രവാഹനങ്ങൾക്ക് 5 രൂപ
നാല് ചക്രവാഹനങ്ങൾക്ക് 20
ചടയമംഗലം: ജംഗ്ഷനിലെ പഞ്ചായത്ത് വക സ്ഥലത്ത് വാഹന പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധം. കഴിഞ്ഞ വർഷം വരെ ഇരുചക്രവാഹനങ്ങൾക്ക് 5 രൂപയും നാല് ചക്രവാഹനങ്ങൾക്ക് 20 രൂപയും ആയിരുന്ന ഫീസ് ഇരട്ടിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം. കടകളിൽ സാധനം വാങ്ങാൻ എത്തുന്നവരും ദീർഘദൂര യാത്രക്കാരുമാണ് ഈ പാർക്കിംഗ് ഉപയോഗിക്കുന്നത്. റോഡിന്റെ ഇരുവശവും ഇരുമ്പ് വേലി സ്ഥാപിച്ചതിനാൽ വണ്ടി പാർക്കിംഗിന് സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. റോഡിന്റെ വശത്ത് വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് പൊലീസും മോട്ടോർ വെഹിക്കിളും പിഴ ഈടാക്കുന്നതും ജനങ്ങൾക്ക് തിരിച്ചടിയാണ്.
1. പഞ്ചായത്ത് ലേലം ചെയ്താണ് പാർക്കിംഗിന് സ്വകാര്യവ്യക്തിക്ക് സ്ഥലം കൈമാറിയത്
2. ലേല വ്യവസ്ഥപ്രകാരം ഇരുചക്രവാഹനങ്ങൾക്ക് 5 രൂപ മുതൽ 20 രൂപവരെയും നാല് ചക്രവാഹനങ്ങൾക്ക് 20 രൂപമുതൽ 40 രൂപ വരെയും ഈടാക്കാം
3. അരമണിക്കൂർ വാഹനം ഇടുന്നവരിൽ നിന്നും 24 മണിക്കൂർ വാഹനം ഇടുന്നവരിൽ നിന്നും
ഒരേ തുക ഈടാക്കുന്നു
നിവേദനം നൽകി
പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ. റിയാസ്, പഞ്ചായത്ത് അംഗം മഞ്ജു മറിയപ്പള്ളി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പുളിമൂട്ടിൽ രാജൻ, സജീവ് തോട്ടിൻകര, ശ്രീകുമാർ, നവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
പാർക്കിംഗ് ഫീസ് കൂട്ടിയതോടെ ജംഗ്ഷനിലെ കടകളിൽ വ്യാപാരം കുറഞ്ഞു.
വ്യാപാരികൾ
ചടയമംഗലം ജംഗ്ഷനിൽ 100 രൂപയ്ക്ക് പച്ചക്കറിവാങ്ങാൻ കാറിൽ വരുന്നവർ 40 രൂപ പഞ്ചായത്തിന് കപ്പം നൽകേണ്ട അവസ്ഥയാണ്.ഈ വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.
എ.ആർ.റിയാസ്
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്