കൊല്ലം: രാജ്യത്തിന്റെ അതിവേഗത്തിലുള്ള വളർച്ച തുറക്കുന്നത് വിശാലമായ അവസരങ്ങളാണെന്ന് ഐ.ആർ.ഇ (ഇന്ത്യ) ലിമിറ്റഡ് ചവറ ജനറൽ മാനേജരും യൂണിറ്റ് ഹെഡുമായ എൻ.എസ്. അജിത് പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കാൻ കേരളകൗമുദിയും ഐ.ആർ.ഇയും സംയുക്തമായി കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിൽ ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ സാമ്പത്തികവളർച്ച കേവലം മൂന്ന് ശതമാനം മാത്രമാണ്. എന്നാൽ ആറ് മുതൽ ഏഴ് ശതമാനം വരെയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ വൈകാതെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. അതിന്റെ ഭാഗമായി വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ, വ്യവസായ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉണ്ടാകുന്ന അവസരങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്താൻ പുതുതലമുറ തയ്യാറാകണം. വിദ്യാഭ്യാസത്തോടൊപ്പം മറ്റ് നൈപുണ്യങ്ങളും വികസിപ്പിക്കാൻ ശ്രമിക്കണം. ഡോ. ഹോമി ജെ. ഭാഭയുടെ സ്വപ്നത്തിൽ നിന്നാണ് ഐ.ആർ.ഇയുടെ പിറവി. രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഏറെ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് ഐ.ആർ.ഇ. സമൂഹത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയിട്ടുള്ള പത്രമാണ് കേരളകൗമുദിയെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐ.ആർ.ഇ ജനറൽ മാനേജർ എൻ.എസ്. അജിത്തിന് കേരളകൗമുദിയുടെ ഉപഹാരം എസ്. രാധാകൃഷ്ണൻ സമ്മാനിച്ചു. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.പി. ജയപ്രകാശ് മോനോൻ, കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയസ് സ്കൂൾ ചെയർമാൻ ഡി. ജോർജ്ജ് കാട്ടൂത്തറയിൽ, കരുനാഗപ്പള്ളി മഹാത്മ പ്രൊഫഷണൽ എഡ്യുക്കേഷൻ സെന്റർ പ്രിൻസിപ്പൽ എസ്. റീജ എന്നിവർ സംസാരി​ച്ചു. ചീഫ് മെന്റർ പ്രൊഫ. അജൽ അക്കര കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ് മാനേജർ മായ ശ്രീകുമാർ സ്വാഗതവും കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ. രവി നന്ദിയും പറഞ്ഞു.