yooth-

കൊല്ലം: കൊറ്റംകര, തൃക്കോവിൽവട്ടം,നെടുമ്പന പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നൽകിയ ജൽജീവൻ പദ്ധതിയിൽ വെള്ളമെത്തിക്കാതെ ഭീമമായ ബില്ല് മാത്രം ഉപഭോക്താക്കൾക്ക് നൽകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊട്ടിയം വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു. ഏകദേശം 500ൽ പരം വീടുകളിലാണ് വെള്ളം ലഭ്യമാക്കാതെ ബില്ലുകൾ മാത്രം അയച്ചത്. മാസങ്ങളായി കുടിവെള്ളം ലഭ്യമാകാത്ത വീടുകളിൽ ആയിരക്കണക്കിന് രൂപയുടെ ബില്ലാണ് വന്നുകൊണ്ടിരിക്കുന്നത്. വിവരം ഗുണഭോക്താക്കൾ വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചെങ്കിലും ബില്ല് അടയ്ക്കാതെ നിർവാഹമില്ല എന്ന മറുപടിയാണ് ലഭിച്ചത്. ബില്ലുകൾ വന്നതിന്റെ പകർപ്പുകൾ ഹാജരാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധം സംഘടിപ്പിച്ചത്. ജലം ലഭ്യമാകാത്ത കണക്ഷനുകളിൽ വന്ന വാട്ടർ ചാർജ് നൽകുന്ന അപേക്ഷ പരിശോധിച്ച് ഒഴിവാക്കി നൽകുമെന്നും ജലം ലഭ്യമാകാത്ത കണക്ഷനുകളെ തുടർന്നുള്ള ബില്ലിൽ നിന്ന് ഒഴിവാക്കുമെന്നും അസിസ്റ്റന്റ് എൻജിനീയർ രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഡി.സി.സി ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം, തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്റ് എ.എൽ.എൽ.നിസാം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം.ദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെരികോണം സുധീർ, നെടുമ്പന മണ്ഡലം പ്രസിഡന്റ് ആസാദ് നാല്പങ്ങൾ, യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം പ്രസിഡന്റ് ജയൻ തട്ടാർകോണം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അതുൽ കൃഷ്ണ, അജ്മൽ അജു, സൈദലി, ആസിഫ്, പേരയം വിനോദ്, തുടങ്ങിയവർ നേതൃത്വം നൽകി.