photo
പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഇൻക്ളൂസീവ് സ്കൂൾ ആക്ടിവിറ്റി കം റിസോഴ്സ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിക്കുന്നു

പദ്ധതിക്ക് 5.17ലക്ഷം രൂപ

25 വിദ്യാർത്ഥികൾ

1,50,000 രൂപയുടെ തെറാപ്പി ഉകരണങ്ങൾ

പുത്തൂർ: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി കുട്ടികൾക്ക് മാനസികവും ശാരീരികവുമായി ഉല്ലാസത്തിന് ഉപകരിക്കുന്ന മോഡൽ ഇൻക്ളൂസീവ് സ്കൂൾ ആക്ടിവിറ്റി കം റിസോഴ്സ് റൂം പ്രവർത്തനം തുടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പാണ് പദ്ധതി അനുവദിച്ചത്. 5.17ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചിരുന്നത്. ഇതിൽ 1 ലക്ഷം രൂപ സാങ്കേതിക തടസങ്ങളുന്നയിച്ച് ലഭ്യമായില്ല. കിട്ടിയ തുകയിൽ കൂടുതൽ മെച്ചപ്പെട്ട സൗക്യങ്ങളൊരുക്കാൻ കഴിഞ്ഞുവെന്നതാണ് മികവ്. ഒന്നാം ക്ളാസ് മുതൽ 10-ാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടും. പുത്തൂർ സ്കൂളിൽ ഭിന്നശേഷിക്കാരായ 25 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. സ്കൂൾ കോമ്പൗണ്ടിൽത്തന്നെയുള്ള ഓട്ടിസം സെന്ററിലെ കുട്ടികൾക്കും പ്രയോജനപ്പെടുത്താം.

ഭിന്നശേഷി സൗഹൃദ മുറി

കോൺക്രീറ്റ് ചെയ്ത ഒരു മുറി പദ്ധതിയ്ക്കായി വിട്ടുകിട്ടണമെന്നായിരുന്നു ചട്ടം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ അസൗകര്യങ്ങളുള്ളപ്പോഴും ഒരു മുറി ഇതിനായി മാറ്റിയിട്ടു. ടൈൽ പാകി, നിറം നൽകി, റാമ്പ് ഫിറ്റ് ചെയ്താണ് മുറി ഒരുക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായകരമായ ഫിസിയോ തെറാപ്പി ഉപകരണങ്ങൾ, കായിക ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, പഠനാവശ്യത്തിനായുള്ള മോഡൽസ് എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. 1,50,000 രൂപയുടെ തെറാപ്പി ഉകരണങ്ങൾ വാങ്ങിയിട്ടുണ്ട്.

മാതൃകാ പ്രവർത്തനങ്ങൾ

ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി കൂടുതൽ സേവന പ്രവർത്തനങ്ങളാണ് ഒരുക്കുക.

2022ൽ പദ്ധതി അനുവദിച്ചുവെങ്കിലും നിർമ്മാണ ജോലികൾ പൂർത്തിയായത് കഴിഞ്ഞ വർഷമാണ്.

ഇന്നലെയാണ് ഔദ്യോഗിക ഉദ്ഘാടനം നടത്തിയതെങ്കിലും നേരത്തെതന്നെ പ്രവർത്തനങ്ങൾ തുടങ്ങി

പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിനോദയാത്രയടക്കം സംഘടിപ്പിച്ചു

കുട്ടികൾക്ക് വൈദ്യ പരിശോധനകൾ, സെൽഫ് ഡിഫൻസ് പ്രോഗ്രാം, രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ളാസുകൾ, മ്യൂസിക്-ഡാൻസ് ക്ളാസുകൾ, ഫിസിയോ തെറാപ്പി, മ്യൂസിക് തെറാപ്പി, സ്പീച്ച് തെറാപ്പി എന്നീ സൗകര്യങ്ങളും ഏ‌ർപ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടനം

മോ‌ഡൽ ഇൻക്ളൂസീവ് സ്കൂൾ ആക്ടിവിറ്റി കം റിസോഴ്സ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബിജു പൂവക്കര അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആ‌ർ.രശ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കടുക്കാല, കോട്ടയ്ക്കൽ രാജപ്പൻ, പഴവറ സന്തോഷ്, ഹെഡ്മിസ്ട്രസ് എസ്.ലിനി, പ്രിൻസിപ്പൽ ബീന കുഞ്ഞച്ചൻ, വി.കെ.മോഹനൻ പിള്ള, ഹരികുമാർ, ഷാജി.എം.ജോൺ, നവീൻ ശങ്കർ എന്നിവർ സംസാരിച്ചു.