
കരുനാഗപ്പള്ളി: ദക്ഷിണ കൊറിയയിലെ സെജോംഗ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നടത്തിയ അന്താരാഷ്ട്ര ഹാക്കത്തൺ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമൃത സെന്റർ ഫോർ സൈബർ സെക്യൂരിറ്റി സിസ്റ്റംസ് ആൻഡ് നെറ്റ്‌വർക്‌സ് ടീം 'ബയോസ്' ഒന്നാം സ്ഥാനം നേടി. 35 രാജ്യങ്ങളിൽ നിന്നായി 40 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഓൺലൈനായി നടത്തിയ പ്രാഥമിക റൗണ്ട് മത്സരങ്ങളിലെ വിജയികളെയാണ് ഫൈനലിൽ പങ്കെടുപ്പിച്ചത്.
ഇന്ത്യയിൽ നിന്ന് ഫൈനലിലെത്തിയ ഏക ടീം കൂടിയാണ് അമൃതയുടെ ബയോസ്. സെജോംഗ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ സമ്മാനത്തുകയായ ഒന്നരലക്ഷം രൂപയും സർട്ടിഫിക്കറ്റുകളും ബയോസ് ഏറ്റുവാങ്ങി. ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളായ വി. സിദ്ധാർത്ഥ്, നിഥിൻ ചെന്തൂർ, ജയന്ത് കത്രഗഡ്ഡ, നന്ദു എസ്.പിള്ള, എസ്. ശ്രീജിത്ത്, ആൽഫിൻ ജോസഫ്, സേജൽ കോഷ്ത, എൽ.എസ്. മോഹിത്, സുരാജ് കുമാർ, ജി. രോഹിത്, ചന്ദ്ര ബി.നായർ, അരുൺ കൃഷ്ണൻ എന്നിവരാണ് ടീമംഗങ്ങൾ. സൈബർ സുരക്ഷാരംഗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാർത്ഥി ടീമാണ് അമൃത ബയോസ്. 2007ൽ രൂപീകരിച്ച ടീം ഇതിനോടകം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.