
കൊല്ലം: ജി. ദേവരാജൻ മാസ്റ്റർ സ്‌മാരക പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ അഞ്ചാമത് ജി. ദേവരാജൻ മാസ്റ്റർ പുരസ്കാരം സംഗീത സംവിധായകൻ എം. ജയചന്ദ്രന്. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് നടൻ ജഗതിശ്രീകുമാറും അർഹനായി. 25,000 രൂപയും ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്‌ത ശില്പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ ചെയർമാനും എഴുത്തുകാരൻ രവി മേനോൻ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ തീരുമാനിച്ചത്. സംഗീതസഭയുടെ വാർഷികദിനമായ നവംബർ 23 ന് പരവൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് എസ്. മണിക്കുട്ടൻ, സെക്രട്ടറി മാങ്കുളം രാജേഷ്, ട്രഷറർ ശ്രീഹരി, ലേഖ, ജയ, സൗമ്യ എന്നിവർ പങ്കെടുത്തു.