t

കൊല്ലം: സർക്കാരിന്റെ തെറ്റുകൾ തിരുത്തുന്നതിൽ മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.സീനിയർ ജേണലിസ്റ്റ്സ് യൂണിയൻ കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലാംതൂണാണ് മാദ്ധ്യമങ്ങൾ. എന്നാൽ അസത്യങ്ങളുടെയും അർത്ഥ സത്യങ്ങളുടെയും തള്ളിച്ചയാണ് ഇന്നുണ്ടാകുന്നത്. അന്തിച്ചർച്ചയ്ക്ക് വേണ്ടിയുള്ള ബ്രേക്കിംഗ് എന്നതിനേക്കാൾ വാർത്തകളുടെ സത്യം കൂടി തിരിച്ചറിയാൻ മാദ്ധ്യമപ്രവർത്തകർ തയ്യാറാകണം. മാദ്ധ്യമ രംഗത്തെ തെറ്റായ ശീലങ്ങൾക്ക് തിരുത്തിന് മാർഗ നിർദ്ദേശം നൽകാൻ സീനിയർ ജേണലിസ്റ്റുകൾ തയ്യാറാകണം. ടെക്നോളജിയുടെ ഇക്കാലത്ത് പ്രിന്റ് മീഡിയ വലിയ വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന 'മീഡിയ ഫോക്കസ്' എന്ന പദ്ധതിയുടെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു.

ചോദ്യങ്ങൾ ചോദിക്കാൻ കഴിയാത്ത ഒരുകാലത്താണ് നാം കഴിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെയും തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെയും ജയിലിലടയ്ക്കുകയോ കൊന്നുകളയുകയോ ചെയ്യുന്നു. മാദ്ധ്യമങ്ങൾ കച്ചവട സ്ഥാപനങ്ങളായി മാറിയതോടെ മാദ്ധ്യമ ഉടമകൾ അന്വേഷണ ഏജൻസികളെ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ അദ്ധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ പി.എസ്.സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷറഫ്, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.