
കൊല്ലം: പെൻഷൻ ആരും നൽക്കുന്ന ഔദാര്യമല്ലെന്നും അത് അവകാശമാണെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) 32-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത പെൻഷൻ രീതി നിറുത്തി പഴയ പെൻഷൻ സമ്പ്രദായം വീണ്ടും കൊണ്ടുവരണം. പെൻഷൻ പ്രായം അറുപതാക്കണമെന്ന നിലപാടാണ് തനിക്കും തന്റെ പാർട്ടിക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എ.ഉണ്ണിത്താൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.ജയസിംഗ്, സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ, ഫെസ്റ്റോ ജനറൽ സെക്രട്ടറി എം.കെ.അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് സാംസാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. 11.30ന് വനിതാസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. 5ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ എം. നൗഷാദ്, ഡോ.സുജിത്ത് വിജയൻപിള്ള തുടങ്ങിയവർ പങ്കെടുക്കും.