മൂന്ന് പേർക്ക് പരിക്ക്
കൊല്ലം: കടപ്പാക്കടയിൽ നിയന്ത്രണം വിട്ട കാർ രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിച്ച ശേഷം വൈദ്യുതി തൂണും തകർത്ത് തൊട്ടടുത്തുള്ള മതിലിലേക്ക് ഇടിച്ചുകയറി. ചാത്തിനാംകുളം സ്വദേശി മിഥുൻ, കടപ്പാക്കട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ വിനോദ് സ്റ്റാൻലി എന്നിവർക്കാണ് പരിക്കേറ്രത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് കടപ്പാക്കട ശാസ്ത്രിമുക്കിലായിരുന്നു സംഭവം. ചിന്നക്കടയിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ എതിർദിശയിൽ നിന്ന് വന്ന മിഥുന്റെ ഓട്ടോറിക്ഷയിൽ ഇടിച്ചു. നിയന്ത്രണം നഷ്ടമായ കാർ പിന്നാലെ വന്ന വിനോദിന്റെ ഓട്ടോയിലും ഇടിച്ച ശേഷം നിറുത്തിയിട്ടിരുന്ന അഞ്ചൽ സ്വദേശി അയൂബ് ഖാന്റെ കാറിൽ ഇടിച്ച്, വീണ്ടും മുന്നോട്ടുപോയി സമീപത്തെ വൈദ്യുതി തൂണും മതിലും ഗേറ്റും തകർത്താണ് നിന്നത്. അപകടത്തിൽ കഴുത്തിനും വയറിനും സാരമായി പരിക്കേറ്റ മിഥുൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിനോദിനും അദ്ദേഹത്തിന്റെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന സ്റ്റാൻലിക്കും നേരിയ പരിക്കേയുള്ളു.
പ്രദേശവാസികളായ രണ്ട് യുവാക്കളാണ് കാർ ഓടിച്ചിരുന്നത്. അയൂബ് ഖാൻ അപകടം സൃഷ്ടിച്ച കാറിന്റെയും കാറോടിച്ചിരുന്ന യുവാക്കളുടെയും ചിത്രമെടുത്തത് സംഘർഷത്തിലേക്ക് നീണ്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസും യുവാക്കൾക്കൊപ്പം കാറും കസ്റ്റയിലെടുത്തു. അപകടത്തിൽ മിഥുന്റെ ഓട്ടോറിക്ഷ പൂർണമായും തകർന്നു.