ഓയൂർ: കേരളത്തിലെ വിദ്യാഭ്യാസ രംഗം ലോകത്തിനാകെ മാതൃകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും തുടർച്ചയായി ആറുമാസം നൂറ് ശതമാനം യൂസർഫീ കളക്ഷൻ കൈവരിച്ച ഹരിതകർമ്മ സേനാംഗങ്ങളെയും അനുമോദിക്കാൻ വെളിനെല്ലൂർ പഞ്ചായത്ത് സംഘടിപ്പിച്ച സ്നേഹാദരവ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എസ്.എസ്.എൽ.സി വിജയശതമാനം ഉയർന്നത് കേരളത്തിലെ സാമൂഹ്യനിലവാരത്തിനൊപ്പം വിദ്യാഭ്യാസ സൗകര്യങ്ങളും മെച്ചപ്പെട്ടത് കൊണ്ടുകൂടിയാണ്. നേരത്തെ ഓലമേഞ്ഞ സ്കൂളുകളിലിരുന്ന് പഠിച്ചിരുന്ന കാലമുണ്ടായിരുന്നു. അതിൽ നിന്ന് വത്യസ്തമായി കേരളത്തിലെ എല്ലാ സർക്കാർ സ്കൂളുകളും ആധുനിക കെട്ടിടങ്ങൾ സഹിതം ഹൈടെക്കായി. കേരളത്തിലെ വിഭ്യാഭ്യാസ രംഗം പൂർണമായും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.അൻസർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയവരെയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് ജേതാക്കളെയും കവി ഗണപൂജാരി ഹരിത കർമ്മസേനാംഗങ്ങളെയും ആദരിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ഓയൂരിലും ഓടനാവട്ടത്തുമുള്ള എസ്.എൻ ഫാഷൻ ജൂവലേഴ്സിന്റെ ഫൗണ്ടർ ചെയർമാൻ എ.സിറാജുദ്ദീൻ എന്നിവർ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള കേരളകൗമുദിയുടെ സർട്ടിഫിക്കറ്റും പതക്കവും വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.റീന സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.ഷൈൻകുമാർ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. ആർ.ജയന്തിദേവി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബി.ബിജു, ജി.ജയശ്രീ, എച്ച്.സഹീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് സെക്രട്ടറി വി.എസ്.വിമലചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ജെ.അമ്പിളി, എ.നിസാം, ജോളി ജെയിംസ്, ജെസിന ജമീൽ, എസ്.എം.സമീന, പി.ആർ.സന്തോഷ്, കെ.വിശാഖ്, കെ.ലിജി, ടി.കെ.ജ്യോതിദാസ്, ഡി.രമേശൻ, എ.കെ.മെഹറുനീസ, എച്ച്.ജുബൈരിയ ബീവി, സി.ഡി.എസ് ചെയർപേഴ്സൺ സജിത ബൈജു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.