photo
കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിലെ പബ്ളിക് ടോയ്ലെറ്റിന് സമീപത്ത് കുഴൽ കിണർ നിർമ്മിക്കാനുള്ള നീക്കം കോൺഗ്രസ് പ്രവർത്തകർ തടയുന്നു

കരുനാഗപ്പള്ളി: പബ്ളിക് ടോയ്ലെറ്റിന് സമീപം കുഴൽക്കിണർ സ്ഥാപിക്കുവാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ദേശീയപാതയോട് ചേർന്ന്, പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിലെ പബ്ളിക് ടോയ്ലെറ്റിന് സമീപത്താണ് കുഴൽക്കിണ‌ർ കുഴിക്കാൻ ആരംഭിച്ചത്. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. സമരത്തിൽ പൊലീസ് ഇടപെടുകയും നിർമ്മാണ പ്രവർത്തനം താത്കാലികമായി നിറുത്തി വെക്കുവാനും സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പുതിയ പദ്ധതികൾ കൊണ്ടുവന്ന് സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എസ്.പുരം സുധീർ, കെ.എം.നൗഷാദ്, ഇർഷാദ് ബഷീർ, അസ്‌ലം ആദിനാട്, അൽത്താഫ്, കെ.എസ് പുരം, ദീപക് അഫ്സൽ, സുമയ്യ, ഹാഷിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.