braille
ബ്രെയിലി

കൊല്ലം: അടിസ്ഥാന വിദ്യാഭ്യാസം നൽകി കാഴ്ച പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിക്കാൻ 'ദീപ്തി' ബ്രെയിലി സാക്ഷരത പദ്ധതി ജില്ലയിൽ ഉടൻ ആരംഭിക്കും. സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് ടീച്ചേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന് മുന്നോടിയായി നടത്തിയ സർവേയിൽ ബ്രെയിലി ലിപിയിൽ പ്രാവീണ്യമുള്ള 405 പേരെ കണ്ടെത്തി അദ്ധ്യാപക പരിശീലനം നൽകി. നിലവിൽ 220 പേരെയാണ് ലിപി അഭ്യസിപ്പിക്കേണ്ടത്. സാക്ഷരത പ്രേരക്മാർ, ആശ - അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെയായിരുന്നു സർവേ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ബ്ലോക്ക് അടിസ്ഥാനത്തിലാകും ക്ലാസുകൾ നടത്തുക. കാഴ്ചപരിമിതി നേരിടുന്നവരെ അടിസ്ഥാന വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക, കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും വളർത്തിയെടുക്കാനും അവസരം നൽകുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്.

വിരൽതുമ്പിൽ അക്ഷര ലോകം

 കാഴ്ച പരിമിതരെ വായിക്കാനും എഴുതാനും പര്യാപ്തമാക്കുക

 പ്രായപരിധിയില്ലാതെ സേവനം

 ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും സിലബസിൽ

 ഒപ്പം കൈത്തൊഴിൽ പരിശീലനവും

പദ്ധതി കാലാവധി - 6 മാസം

ക്ലാസ് - 180 മണിക്കൂർ

ബ്രെയിലി ലിപി

 പ്രതലത്തേക്കാൾ ഉയർന്ന് നിൽക്കുന്ന കുത്തുകളാണ് അക്ഷരങ്ങളും അക്കങ്ങളും

 രണ്ട് കോളങ്ങളിലായി ദീർഘചതുരാകൃതിയിൽ 6 കുത്തുകൾ കൊണ്ടാണ് അടയാളപ്പെടുത്തൽ

 കുത്തുകളിലൂടെ വിരലോടിച്ച് വായിക്കാം

പഠന സാമഗ്രികൾ എത്തി. വൈകാതെ ക്ലാസുകൾ ആരംഭിക്കും.

ഡോ. പി.മുരുകദാസ്,

ജില്ലാ കോ‌ ഓഡിനേറ്റർ, സാക്ഷരത മിഷൻ