 ശുചീകരണ പ്രവർത്തനങ്ങൾ ഫലിക്കുന്നില്ല

കൊല്ലം: ശുചീകരണ പ്രവർത്തനങ്ങൾ മുറയ്ക്ക് നടക്കുണ്ടെന്ന് അധികൃതർ പറയുമ്പോഴും നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നില്ല. പാതയോരങ്ങളിൽ മാലിന്യം കൂന കൂടി മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജനജീവിതം ദുസഹമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. ദേശീയപാതയോരവും ഇടറോഡുകളുടെ വശങ്ങളും മാലിന്യ നിക്ഷേപത്താൽ വീർപ്പുമുട്ടുകയാണ്. വാടി, പള്ളിത്തോട്ടം, ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് സമീപം, കപ്പലണ്ടി മുക്ക്, കൊല്ലം ബീച്ച്, ചിന്നക്കട മേൽപ്പാലത്തിന് താഴെ ഇങ്ങനെ നീളുന്നു മാലിന്യം തള്ളുന്ന ഇടങ്ങളുടെ നിര. എത്ര വൃത്തിയാക്കിയാലും വീണ്ടും ആളുകൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയാണെന്നും ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുത്തണമെന്നുമാണ് അധികൃതർ പറയുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണമെന്നും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

തള്ളാൻ പലവഴികൾ, ഇടങ്ങൾ

 മാലിന്യ നിക്ഷേപം രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തി

 പ്ലാസ്റ്റിക് ചാക്കുകളിലാക്കി തള്ളുന്നു

 നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത ഇടങ്ങളിൽ കൂടുതലും

 കാടുകയറിയ നടപ്പാതകളിലും മാലിന്യം നിക്ഷേപിക്കുന്നു.

 അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നുമുള്ള മാലിന്യവും കൂട്ടത്തിൽ

തെരുവ്നായ ശല്യവും രൂക്ഷം

 അറവു മാലിന്യങ്ങൾ തള്ളുന്നതിനാൽ നായ്ക്കളുടെ ശല്യം രൂക്ഷ

 കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ഭീഷണി

 തെരുവ് നായ്ക്കൾ നിറഞ്ഞ് നിരത്തുകളും മൈതാനങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും

 സ്‌കൂളുകളുടെ പരിസരത്ത് വിദ്യാർത്ഥികൾക്കും ഭീഷണി