
കുപ്പണ തട്ടുവിള- പോങ്ങുംതാഴം റോഡിന് 14 ലക്ഷം
അഞ്ചാലുംമൂട്: നാട്ടുകാരുടെ 'നടുവി'ന് 12 വർഷത്തോളം ഭീഷണിയായിരുന്ന കുപ്പണ തട്ടുവിള- പോങ്ങുംതാഴം റോഡിന് ശാപമോക്ഷം. നിലവിലെ റോഡിന്റെ കോൺക്രീറ്റിംഗും കെ.എസ്.ഇ.ബി മുതൽ വാട്ടർ ടാങ്ക് വരെയുള്ള റോഡിന്റെ നിർമ്മാണവും ഉൾപ്പെടെ 14 ലക്ഷം രൂപയ്ക്കാണ് റീ ടെണ്ടർ നൽകിയിരിക്കുന്നത്. കരാറുകാരന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് കൗൺസിലർ സ്വർണമ്മ പറഞ്ഞു.
കോർപ്പറേഷന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് റോഡ് നിർമ്മാണത്തിന് മുൻപ് 11ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഈ തുകയ്ക്ക് കരാറെടുക്കാൻ ആരും തയ്യാറായില്ല. തുടർന്ന് 22ന് നടന്ന റീടെണ്ടറിൽ മുൻ നിശ്ചയിച്ച ഫണ്ടിലെ തുകയിൽ ഭേദഗതി വരുത്തിയിരുന്നു.
ഇരുന്നിലേറെ കുടുംബങ്ങളെയാണ് റോഡിന്റെ ദുരവസ്ഥ ഗതികേടിലാക്കിയിരുന്നത്. ടാർ ഇളകി കുഴികളും കല്ലുകളും നിറഞ്ഞ റോഡിൽ കാൽനട യാത്ര പോലും ദുസഹമായിരുന്നു. മതിയായ വെളിച്ചമില്ലാത്തതിനാൽ ഇതുവഴിയുള്ള രാത്രിയാത്രയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു.
റോഡ് നന്നാക്കാത്തതിനെതിരെ കുപ്പണ തട്ടുവി- പോങ്ങുംതാഴം ഭാഗത്തുള്ളവർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കൗൺസിലറുടെ ഇടപെടലാണ് ടെണ്ടർ തുകയിൽ ഭേദഗതി വരുത്താൻ വഴിയൊരുക്കിയത്.
....................
ആദ്യം അനുവദിച്ചത് 11 ലക്ഷം
റീ ടെണ്ടറിൽ തുക 14 ലക്ഷം