+ 2

100 %

വിജയം

പടിഞ്ഞാറെകല്ലട : വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ ബസ് സർവീസ് ഇല്ല. പഠനവും ഭാവിയും പ്രതിസന്ധിയിലായ വിഷമത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സ്കൂളിലെ അദ്ധ്യാപകരും മറ്റു ജീവനക്കാരും നാട്ടുകാരും ഇതേ ബുദ്ധിമുട്ടുകൾ ദീർഘകാലമായി അനുഭവിക്കുകയാണ്. പഞ്ചായത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 100 ശതമാനം വിജയം കൈവരിച്ച ഏക സ്കൂളിലെ കുട്ടികൾക്കാണ് ഈ ഗതികേട്.

യാത്ര ചെലവ് താങ്ങാനാവില്ല

പഞ്ചായത്തിലെ കുട്ടികളെ കൂടാതെ സമീപ പഞ്ചായത്തുകളിൽ നിന്നുള്ള നൂറിലധികം ഹയർസെക്കൻഡറി വിഭാഗം കുട്ടികൾ ദിവസവും കടപുഴയിലും കാരാളിമുക്കിലും ബസിൽ വന്നിറങ്ങിയശേഷം 150 ഉം, 200 ഉം രൂപ ചെലവഴിച്ച് ഓട്ടോറിക്ഷകളിൽ സ്കൂളിൽ വന്നു പോകുന്നു.മറ്റു ചിലർ ഇരുചക്രവാഹന യാത്രക്കാരെ ആശ്രയിച്ചും നടന്നും സ്കൂളിൽ എത്തിച്ചേരാറുണ്ട്.സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഭാരിച്ച യാത്ര ചെലവ് താങ്ങാവുന്നതല്ല. മിക്ക ദിവസങ്ങളിലും പല കുട്ടികൾക്കും യഥാസമയം ക്ലാസിൽ എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ചില സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ ഈ അവസരം മുതലാക്കി പല കുട്ടികളെയും അവരുടെ സ്കൂളുകളിലേക്ക് ക്യാൻവാസ് ചെയ്യുന്നതായി ആരോപണമുണ്ട്. അതും സ്കൂളിന്റെ നിലനിൽപ്പിന് ഭീഷണിയാണ്.

ട്രാൻ.ഡിപ്പോകൾ കനിയണം

കൊവിഡിന് മുമ്പ് കരുനാഗപ്പള്ളിയിൽ നിന്ന് ഇതുവഴി രണ്ട് സ്വകാര്യബസ് സർവീസുകൾ ഉണ്ടായിരുന്നത് പിൽക്കാലത്ത് നിലച്ചു. കൊല്ലം, കരുനാഗപ്പള്ളി ,കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് കടപുഴ, കാരാളിമുക്ക് ജംഗ്ഷനുകളെ ബന്ധിപ്പിച്ച് നെൽപ്പരക്കുന്ന് സ്കൂളിന് മുന്നിലൂടെ ബസ് സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം.

എന്റെ മകൾ ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സമീപ പഞ്ചായത്തുകളിൽ നിന്ന് കടപുഴയിലും കാരാളിമുക്കിലും ബസിൽ വന്നിറങ്ങിയശേഷം കിലോമീറ്ററോളം നടന്നു തെരുവ് നായ്ക്കളുടെ ശല്യവും സഹിച്ച് സ്കൂളിൽ വന്നു പഠിച്ചിട്ട് പോകുന് നകൂട്ടുകാരായ കുട്ടികളുടെ വിഷമങ്ങൾ വീട്ടിൽ വന്ന് പറയാറുണ്ട്. ഗതാഗത വകുപ്പ് നെൽപ്പുരക്കുന്ന് വഴി കെ.എസ്.ആർ.ടിസി ബസ് സർവീസ് ആരംഭിച്ച് കുട്ടികളുടെ പരാതിക്ക് പരിഹാരം കണ്ടെത്തണം.

മനോജ് ദിനേശൻ (രക്ഷിതാവ്)

അണിമംഗലത്ത്

ഉള്ളൂരുപ്പ്

പടിഞ്ഞാറേ കല്ലട

എന്റെ വീട് തേവലക്കര പഞ്ചായത്തിലാണ്. കടപുഴയിൽ ബസിൽ വന്നശേഷം നടന്നും ഇരുചക്ര വാഹന യാത്രക്കാരെ ആശ്രയിച്ചും വേണം സ്കൂളിൽ എത്താൻ. മിക്ക ദിവസങ്ങളിലും കൃത്യസമയത്ത് ക്ലാസിൽ കയറുവാൻ പറ്റുന്നില്ല. ഞങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
ആരോൺ ടൈറ്റസ്
ചരിത്രം,കോവൂർ തേവലക്കര
പ്ലസ് വൺ വിദ്യാർത്ഥി