കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഏറ്റെടുക്കുന്ന മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന 3.29 ഹെക്ടർ ഭൂമിക്ക് 17.68 കോടി രൂപ വില നിശ്ചയിച്ചുള്ള റിപ്പോർട്ട് കൊല്ലം തഹസീൽദാർ കളക്ടർക്ക് കൈമാറി.

വില സംബന്ധിച്ച് ഭൂ ഉടമയുമായി കളക്ടറുടെ ചർച്ച, ജില്ലാ വില നിർണയ സമിതിയുടെ പരിശോധന എന്നിവയ്ക്ക് ശേഷം ഭൂമി ഏറ്റെടുക്കാനുള്ള ശുപാർശ കളക്ടർ സർക്കാരിന് കൈമാറും. 2023ലെ സംസ്ഥാന ബഡ്ജറ്റിൽ ഭൂമി ഏറ്റെടുക്കലിന് 35 കോടിയും ആസ്ഥാനമന്ദിര നിർമ്മാണത്തിന് 10 കോടിയും അനുവദിച്ചിരുന്നു.

അതുകൊണ്ട് തന്നെ കളക്ടറുടെ ശിപാർശ ലഭിക്കുന്നതിന് പിന്നാലെ സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള അനുമതി നൽകിയേക്കും. ഒരു വർഷത്തിനുള്ളിൽ അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കുകയാണ് യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം. ഇതിനായി ആസ്ഥാന മന്ദിരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോഴിക്കോട് എൻ.ഐ.ടിയെ ചുമതലപ്പെടുത്തി.

കാലാവധി കഴിയും മുമ്പ് യൂണിവേഴ്സിറ്റി ആസ്ഥാന മന്ദിരം പൂർത്തിയാക്കണമെന്ന ലക്ഷ്യം സംസ്ഥാന സർക്കാരിനുമുണ്ട്. നിലവിൽ കുരീപ്പുഴയിൽ വാടക കെട്ടിടത്തിലാണ് ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനം പ്രവർത്തിക്കുന്നത്.