1930ൽ ആരംഭിച്ച സ്കൂൾ
1.30 കോടിയുടെ
കെട്ടിടം
കൊട്ടാരക്കര: അവണൂർ ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി 1.30 കോടി രൂപയാണ് അനുവദിച്ചത്. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെയും നഗരസഭയുടെയും അതിർത്തി ഭാഗമാണ് അവണൂർ. നഗരസഭ പരിധിയിലാണ് സ്കൂൾ ഉള്ളതെങ്കിലും നെടുവത്തൂർ പഞ്ചായത്തിലെ അവണൂർ വാർഡിൽ നിന്നുള്ള ഒട്ടുമിക്ക കുട്ടികളും ഇവിടെയാണ് പഠിക്കുന്നത്.
നിർമ്മാണം ഉടൻ
കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കെട്ടിടങ്ങളിലാണ് കുട്ടികൾ ഇരുന്ന് പഠിക്കേണ്ടത്. കൊട്ടാരക്കര- പുത്തൂർ റോഡരികിലായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത വിദ്യാലയത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഭരണാനുമതി ലഭിച്ചതിനാൽ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.
നാടിന്റെ മുത്തശ്ശി വിദ്യാലയം
1930ൽ ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ക്ളാസ് മുറികളിൽ കൊള്ളാനാകാത്തവിധം കുട്ടികളുമുണ്ടായിരുന്നു. സ്വകാര്യ സ്കൂളുകളുടെ വലിയ തോതിലുള്ള വരവോടെയാണ് അവണൂർ ഗവ.ജി.വി.എൽ.പി സ്കൂളിനും കഷ്ടകാലം തുടങ്ങിയത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം ഉള്ളതുകൊണ്ടാണ് എൽ.പി വിഭാഗത്തിൽ ഇപ്പോൾ കുട്ടികളെ ലഭിക്കുന്നത്.