arban-

കൊല്ലം: ആരംഭഘട്ടം മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന കൊല്ലം സഹകരണ അർബൻ ബാങ്കിൽ ബാങ്ക് ഓഹരി ഉടമകൾക്ക് 10% ഡിവിഡന്റ് പ്രഖ്യാപിച്ചിച്ചതായി ചെയർമാൻ അഡ്വ.സി.വി.പത്മരാജൻ അറിയിച്ചു. സഹകരണ അർബൻ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ അഡ്വ.സി.വി.പത്മരാജൻ അദ്ധ്യക്ഷനായി.

മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകുമാർ 2023-24ലെ പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണവും ബാങ്കിന്റെ പ്രവർത്തന മികവിന് ശാഖകൾക്ക് ഏർപ്പെടുത്തിയിട്ടള്ള പെർഫോമെൻസ് അവാർഡും വിതരണം ചെയ്തു. ജനറൽ മാനേജർ വി.ആദിഷ് മുൻ യോഗ നടപടികൾ വിശദീകരിച്ചു. വൈസ് ചെയർമാൻ അഡ്വ.കെ.ബേബിസൺ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം ഡി.ഹേമചന്ദ്രൻ നന്ദിയും പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി 531.50 കോടി രൂപ വായ്പയായി നൽകി. നിക്ഷേപ സമാഹരണത്തിലും ബാങ്ക് വലിയ മുന്നേറ്റേം നടത്തി. മൂലധന പര്യാപ്തത നിയമ പ്രകാരം 9% ആവശ്യമുള്ളിടത്ത് 14.82% ആയി വർദ്ധിപ്പിക്കാനും നെറ്റ് എൻ.പി.എ 0% ലേക്ക് താഴ്ത്തുവാനും കഴിഞ്ഞു. ബിസിനസുകാർക്കും ഉദ്യോഗസ്ഥർക്കും കുറഞ്ഞ തവണ വ്യവസ്ഥയിൽ ഗൃഹജ്യോതി ഭവന നിർമ്മാണ വായ്പ, കുറഞ്ഞ പലിശ നിരക്കിൽ ഒന്നരക്കോടി രൂപ വരെയുള്ള വിവിധ വായ്പാ പദ്ധതികൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വിദ്യാജ്യോതി, പെൺകുട്ടികളുടെ വിവാഹാവശ്യങ്ങൾക്ക് മംഗല്യനിധി എന്നിവ നൽകി.

എൻ.ആർ.ഇ ഉൾപ്പെടെ ഉയർന്ന പലിശ നിരക്കിൽ വിവിധ നിക്ഷേപ പദ്ധതികളും ബാങ്കിൽ നടപ്പിലാക്കി. നിക്ഷേപങ്ങൾക്ക് ആർ.ബി.ഐ നിയന്ത്രണത്തിലുള്ള ഡിപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രഡിറ്റ് കോർപ്പറേഷൻ വഴി ഇൻഷ്വറൻസ് പരിരക്ഷയും നൽകുന്നു. മൊബൈൽ ബാങ്കിംഗ്, ഐ.എം.പി.എസ്, ബി.ബി.പി.എസ്, എൻ.എ.സി.എച്ച്, യു.പി.ഐ, ബി.എച്ച്.ഐ.എം, ഫോൺപേ, ഗൂഗിൾ പേ, ആമസോൺ പേ, വാട്ട്‌സാപ്പ് പേ തുടങ്ങി എല്ലാ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും നൽകുന്നുണ്ടെന്ന് ബാങ്ക് ചെയർമാൻ അഡ്വ.സി.വി.പത്മരാജൻ പറഞ്ഞു.