ചാത്തന്നൂർ: വഴിയാത്രക്കാർക്കും കുട്ടികൾക്കും ഭീഷണിയായി ചാത്തന്നൂർ എസ്.എൻ കോളേജ് റോഡിൽ തെരുവ് നായ ശല്യം രൂക്ഷം. ഹോട്ടലുകളിൽ നിന്നും ഇറച്ചിക്കടകളിൽ നിന്നും ഇറച്ചി മാലിന്യങ്ങൾ റോഡിന്റെ ഇരു വശങ്ങളിലും നിക്ഷേപിക്കുന്നതിനാലാണ് ഇവിടെ തെരുവ് നായ ശല്യം രൂക്ഷമാകാൻ കാരണം. 40 ഓളം തെരുവ് നായകളാണ് കൂട്ടമായി ഇവിടെ ഉള്ളത്.

സ്കൂളിൽ പോകുന്ന കുട്ടികളെ ആക്രമിച്ചിട്ടുണ്ട്. നായ്ക്കൾ കുറുകെ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്. പകലും രാത്രിയിലും ഈ വഴി പോകാൻ കഴിയാത്ത അവസ്ഥയാണ്. ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളുടെ അതിർത്തികളാണ് ഈ സ്ഥലം. തെരുവ് നായ ശല്യത്തിന് രണ്ട് പഞ്ചയാത്തും കൂടി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.