
കുന്നത്തൂർ: ശാസ്താംകോട്ട തടാക തീരത്ത് വേങ്ങയിൽ അടുത്തിടെ നികത്തിയ ഭൂമിയിൽ ഓടമാലിന്യം തള്ളി. ചവറ - ശാസ്താംകോട്ട പ്രധാനപാതയിൽ നെല്ലിക്കുന്നത്ത് മുക്കിന് തെക്കാണ് മാലിന്യം തള്ളിയത്. അടുത്തിടെ ഭൂമി മണ്ണിട്ട് നികത്തിയതിന് റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ ഭൂമിയിലാണ് ഓട കോരിയ മാലിന്യം തട്ടിയത്. തടാക സംരക്ഷണസമിതി ഭാരവാഹികൾ സ്ഥലത്തെത്തി റവന്യു-പൊലീസ് അധികൃതക്ക് പരാതി നൽകി. പിന്നീട് ഭൂ ഉടമ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്തു. പ്രദേശത്ത് ഓട കോരൽ ജോലി നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ജലസ്രോതസുകൾ മലിനപ്പെടുത്തുന്നത് ഗൗരവമായി കാണണമെന്നും തടാക സംരക്ഷണ സമിതി ജനറൽ കൺവീനർ ഹരി കുറിശേരി, വൈസ് ചെയർമാൻ തുണ്ടിൽ നൗഷാദ് എന്നിവർ ആവശ്യപ്പെട്ടു.