കൊട്ടാരക്കര: ഉയർന്ന മാർക്ക് വാങ്ങുന്നതിനൊപ്പം സാമൂഹ്യ ബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ മഹത്വമെന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് പ്രസ്താവിച്ചു. കേരള കൗമുദി കൊട്ടാരക്കര ബ്യൂറോയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കാനായി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ട് പത്താം ക്ളാസ് പരീക്ഷയിൽ 210 മാർക്ക് നേടുകയായിരുന്നു പ്രധാന ലക്ഷ്യം. ജീവിതത്തിന്റെ പരീക്ഷ കൂടിയായിരുന്നു അന്ന് ആ പരീക്ഷയെങ്കിൽ കഥ മാറി. ഇന്ന് ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ പരീക്ഷയിൽ മിന്നാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ തെളിയിക്കുന്ന കാലമാണ്. ബുദ്ധിയുടെ വികാസമാണ് അത് പ്രകടമാക്കുന്നത്. ഒന്നാം റാങ്ക് നേടിയിരുന്ന കുട്ടിക്ക് മുൻപ് ഫുൾ മാർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഫുൾ മാർക്ക് ലഭിക്കുന്നവരുടെ എണ്ണത്തിലാണ് വർദ്ധനവ്. പത്താം ക്ളാസ് മാത്രമല്ല, പ്ളസ് ടുവിലും സമാനമായ രീതിയാണ്. എന്നാൽ ഇതുരണ്ടുമല്ല വിദ്യാർത്ഥികളുടെ ഭാവി നിശ്ചയിക്കുന്നതെന്ന ഘട്ടവും കടന്നുവന്നു. മികച്ച വിദ്യാഭ്യാസം അനിവാര്യമാണ്, അവർക്ക് കേരളത്തിനകത്തുതന്നെ ഒട്ടനവധിയായ തൊഴിൽ സാദ്ധ്യതകളുമുണ്ട്. എന്നിട്ടും മറുനാടുകളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണവും കൂടിവരുന്നു. തൊഴിൽ എന്നതിനും അപ്പുറം സാമൂഹ്യ പ്രതിബദ്ധത വളർത്താനുംകൂടി വിദ്യാഭ്യാസം ഉപകരിക്കണം. ചുറ്റുപാടും നടക്കുന്നത് വീക്ഷിക്കാനും, സഹായം വേണ്ടവനെ സഹായിക്കാനും കഴിയണം. രാജ്യത്തിന്റെ ഭാവി ഇന്നത്തെ വിദ്യാർത്ഥികളിലാണെന്ന് പറയുന്നത് നൂറുവട്ടം ശരിയാണ്. വ്യക്തമായ ദിശാബോധം നൽകാൻ നമ്മുടെ വിദ്യാഭ്യാസ രീതിക്ക് കഴിയണമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
കൊട്ടാരക്കര നാഥൻ പ്ളാസാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗരസഭ പ്രതിപക്ഷ നേതാവ് വി.ഫിലിപ്പ്, കൊട്ടാരക്കര തമ്പുരാൻ കഥകളി കലാ പഠന കേന്ദ്രം പ്രസിഡന്റ് പി.ഹരികുമാർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം കേരള സർവകലാശാല ബി.എ സോഷ്യോളജി ഫസ്റ്റ് റാങ്ക് ജേതാവ് ജി. ഉണ്ണികൃഷ്ണനെ യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ പൊന്നാട ചാർത്തി അനുമോദിച്ചു. വിദ്യാർത്ഥി പ്രതിഭകൾക്ക് നഗരസഭ ചെയർമാൻ എസ്.ആർ. രമേശും പി.ഹരികുമാറും സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്തു. കൊട്ടാരക്കര ലേഖകൻ കെ. ശശികുമാർ സ്വാഗതവും റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ നന്ദിയും പറഞ്ഞു.