happ
ഹാപ്പി

കൊല്ലം: നമ്മുടെയും പ്രിയപ്പെട്ടവരുടെയും സുഖവിവരങ്ങൾ ചോദിച്ചറിയാൻ

ഇനി മുതൽ കുടുംബശ്രീയും ഒപ്പമുണ്ടാകും. കേരളത്തിലെ വീട്ടകങ്ങളുടെ സന്തോഷ സൂചിക ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ 'ഹാപ്പിനസ് കേന്ദ്രങ്ങൾ' ഒരുങ്ങുന്നത്.

ജില്ലയിൽ 11 സി.ഡി.എസുകളെയാണ് തിരഞ്ഞെടുത്തത്. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആഗസ്റ്റിൽ ഹാപ്പിനസ് സെന്ററുകൾ പ്രവർത്തനസജ്ജമാകും. കുടുംബശ്രീയുടെ തന്നെ 'എന്നിടം' പദ്ധതിയുമായി യോജിപ്പിച്ചാണ് ഹാപ്പിനസ് കേന്ദ്രങ്ങളുടെ പ്രവർത്തനം.

തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, ശുചിത്വം, കല, സാഹിത്യം, സ്‌പോർട്‌സ്, മാനസികാരോഗ്യം, പോഷകാഹാരം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. തദ്ദേശ വകുപ്പിന്റെ മുഖ്യപങ്കാളിത്തത്തിൽ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസനം, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വനം തുടങ്ങിയ വകുപ്പുകളും പദ്ധതിയുടെ ഭാഗമാകും.

ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സന്തോഷ സൂചിക പരിശോധിച്ച് മെച്ചപ്പെടുത്തലുകൾ വരുത്തി വീട്ടകങ്ങളെ സന്തോഷ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഹാപ്പിനസ് സെന്ററുകളുടെ ലക്ഷ്യം.

വാർഡ് തലം മുതൽ കൂട്ടായ്മ

ഹാപ്പിനസ് ഫോറം രൂപീകരിച്ച് ഓരോ സി.ഡി.എസിലും റിസോഴ്സ് പേഴ്സനെ നിയമിക്കും

 പത്ത് മുതൽ നാൽപ്പത് വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി 'ഇടം' എന്ന പേരിൽ വാർഡുതല കൂട്ടായ്മ

സംസ്ഥാന - ജില്ലാ തലത്തിൽ റിസോഴ്സ് ഗ്രൂപ്പുകൾ രൂപീകരിക്കും

 ജില്ലയിൽ കുടുംബശ്രീ ജെൻഡർ വിഭാഗത്തിനാണ് ചുമതല

 പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മോണിട്ടറിംഗ് ടീം

 പരിശീലനം ജൂലായ് 30നകം പൂർത്തിയാകും

 ആഗസ്റ്റ് ഒന്ന് മുതൽ എ.ഡി.എസ് അംഗങ്ങൾക്കുള്ള വാർഡുതല പരിശീലനം ആരംഭിക്കും

ഹാപ്പിനസ് കേന്ദ്രങ്ങൾ

 ചവറ  പൂയപ്പള്ളി  തൃക്കരുവ  കടയ്ക്കൽ  കുളക്കട  ശാസ്താംകോട്ട  ചാത്തന്നൂർ  മയ്യനാട്  ഓച്ചിറ  പിറവന്തൂർ  അഞ്ചൽ

മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യം പോലെ പ്രാധാന്യമുണ്ട്. ഓരോ കുടുംബത്തിന്റെയും സാഹചര്യം വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിച്ച് പിന്തുണ നൽകുകയാണ് ലക്ഷ്യം.

വിമൽ ചന്ദ്രൻ, കോ ഓഡിനേറ്റർ

കുടുംബശ്രീ ജില്ലാമിഷൻ