കൊല്ലം: ജില്ലയുടെ സംസ്‌കാരവും സാംസ്‌കാരിക ചരിത്രവും മനസിലാക്കാൻ ഈ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സാധിക്കട്ടേയെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ജില്ലയുടെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് കൊല്ലം പൗരാവലിയും മോഡേൺ ഫ്ളവേഴ്‌സ് ക്ലബും വിവിധ സാംസ്കാരിക സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിന്ന് മൺമറഞ്ഞുകൊണ്ടിരിക്കുന്ന തനത് വ്യവസായങ്ങളും സാംസ്കാരിക മുദ്രകളും തിരികെ കൊണ്ടുവരാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ജെ.ജയകുമാർ അദ്ധ്യക്ഷനായി. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ കൊല്ലത്തിന്റെ 'സ്‌നേഹാദരവ്' പുരസ്‌കാരം സമ്മാനിച്ചു. കൂടാതെ മാദ്ധ്യമ രംഗത്തും മറ്റ് മേഖലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച പ്രതിഭകളെയും ആദരിച്ചു.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ബി.ജെ.പി ദേശീയ സമിതി അംഗം എം.എസ്.ശ്യാം കുമാർ എന്നിവർ സംസാരിച്ചു. ഗോപാൽജി, സജീവ് പരിശ വിള, ആർ.പ്രകാശൻ പിള്ള, സുരേഷ് സിദ്ധാർത്ഥ, പ്രമോദ് കണ്ണൻ, കെ.കുഞ്ഞുമോൻ, ഡി.രാജു, ദൃശ്യ മുരളി, ചിത്ര, നിമ്മി പെരേര, ഹരി നായർ, എസ്.രാമാനുജൻ, പി.കേശവദാസ്, ഡോ. ഉദയ സുകുമാരൻ കരുമാലിൽ, അഡ്വ. എസ്.വേണുഗോപാൽ, ശശിധരൻ ഉണ്ണിത്താൻ, നെവിൻ അൽഫോൺസ്, മിനി സാബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.