k
അൽ ആമീൻ

ചാത്തന്നൂർ: വൈകാതെ മടങ്ങിയെത്തുമെന്ന് അമ്മ നുസ്രത്തിന് വാക്കു കൊടുത്തിട്ടാണ് അവധി ദിവസം ആഘോഷിക്കാൻ അൽഅമീൻ (24) പോയത്. അമ്മ ഉണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച് 10.30 ഓടെയാണ് അൽഅമീൻ സഹോദരി ആമിനയുടെ ഭർത്താവ് അൻവറിനും സുഹൃത്തുകൾക്കുമൊപ്പം കാപ്പിൽ ബീച്ചിലേക്ക് പോയത്.

മകന് വിളമ്പുന്ന അവസാനത്തെ ഭക്ഷണമാണെന്ന് അമ്മയും അപ്പോൾ അറിഞ്ഞിരുന്നില്ല. ഞായർ സ്പെഷ്യൽ വിഭവങ്ങൾ ഒരുക്കി കാത്തിരുന്ന നുസ്രത്തിനും അച്ഛൻ നിസാറിനും ലഭിച്ചത് മകന്റെയും മരുമകന്റെയും വിയോഗവാർത്തയാണ്. മകളും ഭർത്താവും പേരക്കുട്ടിയും എത്തിയ സന്തോഷത്തിലായിരുന്ന ചാത്തന്നൂർ കാരംകോട് വലിയ വീട് വൈകിട്ടോടെ ശോകമായി.

ബീച്ചിലെത്തിയ അമീനും അൻവറും കടലിൽ കുളിക്കാനിറങ്ങുകയും പന്ത്രണ്ടരയോടെ തിരയിൽ അകപ്പെടുകയുമായിരുന്നു. സംഭവശേഷം അൽ അമീന്റെ സുഹൃത്തും അയൽവാസിയുമായി അർഷാദ് അപകടവിവരം തന്റെ അച്ഛനെ അറിയിച്ചു. അദ്ദേഹമാണ് അൽ അമീന്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. പതിവില്ലാതെ ബന്ധുകളും നാട്ടുകാരും എത്തുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് തിരയിൽപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. അപ്പോഴും മരണവിവരം അറിഞ്ഞിരുന്നില്ല. വൈകിട്ടോടെ ആമിനയൊഴികെ ബാക്കിയെല്ലാവരും ഇരുവരുടെയും മരണവാർത്ത അറിഞ്ഞു. എന്നാൽ സഹോദരൻ വിട്ടുപോയ കാര്യം മാത്രമേ ആമിനയ്ക്ക് അറിയുകയുള്ളൂ. കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ വീട്ടിലെത്തിയവരും വിഷമിച്ചു.

ബെഹ്റിനിൽ ജോലി ചെയ്യുന്ന അൽ അമീൻ ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. അടുത്തമാസം തിരികെ പോകാനിരിക്കെയാണ് വേർപാട്. മരിച്ച അൻവർ (34) കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് വാവരഴിയത്ത് വീട്ടിൽ ബദറുദീൻ - റംല ബീവി ദമ്പതികളുടെ മകനാണ്. കൊട്ടാരക്കരയിൽ ടാക്സി ഡ്രൈവറാണ്. അവധി ദിവസമായതിനാലാണ് ഇന്നലെ രാവിലെ ഭാര്യ ആമിനയ്ക്കും ഒന്നര വയസുള്ള മകൻ ആദംസിയയ്ക്കും ഒപ്പം ചാത്തനൂരിലെ വീട്ടിലേക്ക് എത്തിയത്. അമീന, ഫാത്തിമ എന്നിവരാണ് അൽ അമീന്റെ മറ്റ് സഹോദരിമാർ. അൽ അമീൻ അവിവാഹിതനാണ്.