എഴുകോൺ : കരീപ്ര തളവൂർക്കോണം സെന്റർ ഒഫ് മാസ് ആർട്സ് ലൈബ്രറി വനിതാ വേദി വായന പക്ഷാചരണത്തിന്റെ ഭാഗമായി പ്രതിഭാ സംഗമവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ ഉദ്ഘാടനം ചെയ്തു.
വനിതാവേദി കൺവീനർ ഗിരിജ രാജൻ അദ്ധ്യക്ഷയായി. തളവൂർക്കോണം ഏലാസമിതി പ്രസിഡന്റ് വിജയകുമാർ ലഹരിവിരുദ്ധ സെമിനാറിന് നേതൃത്വം നൽകി. പ്രതിഭകളെ ഗിരിജ രാജൻ ആദരിച്ചു. സി.എം.എ ജനറൽ സെക്രട്ടറി ആർ.ശിവപ്രസാദ്, ലൈബ്രറി സെക്രട്ടറി ആർ.രാജീവ്, ലൈബ്രേറിയൻ റിൻസി വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. വനിതാവേദി വൈസ് ചെയർപേഴ്സൺ അഞ്ചു പ്രശാന്ത് സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകളിൽ ഉയർന്ന വിജയം നേടിയ കുട്ടികളെയും പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് നേടി ജോലിയിൽ പ്രവേശിച്ചവരെയും ആദരിച്ചു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. 7ന് സമാപന സമ്മേളനത്തോടുകൂടി വായന പക്ഷാചരണത്തിന് സമാപനം കുറിക്കുമെന്ന് സി.എം.എ പ്രസിഡന്റ് അനൂപ് കെ.രാജ് അറിയിച്ചു.