കൊല്ലം: ജനാധിപത്യ മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ. 3000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ വോട്ടെടുപ്പിൽ പങ്കെടുപ്പിച്ചു. ഫൈനൽ റൗണ്ടിൽ 7 വിദ്യാർത്ഥികളാണ് സ്ഥാനാർത്ഥികളായി നിശ്ചയിക്കപ്പെട്ടത്. ഇവർക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി. നൽകി നാല് ദിവസം പ്രചരണത്തിനായി അനുവദിച്ചു. സ്വന്തമായി ചെറിയ മൈക്കുകളും ബാനറുകളും ബോഡുകളുമായി ക്യാമ്പസിൽ എത്തിയ കുട്ടികൾ പലയിടങ്ങളിലായി പ്ലാറ്റ്‌ഫോമുകൾ തീർത്ത് പ്രസംഗിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും പ്രചരണം നടന്നു.

ശനിയാഴ്ച നടന്ന വോട്ടെടുപ്പിന് മുന്നേ ബാലറ്റ് പേപ്പറുകളും വോട്ടിംഗ് രീതിയും കുട്ടികളെ പരിചയപ്പെടുത്തി. ഓരോ ക്ലാസിനുമായി പ്രത്യേകം ബൂത്തുകളും ബാലറ്റ് പേപ്പറുകളും വിരലിൽ പുരട്ടാനുള്ളമഷിയും തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. എല്ലാ സ്ഥാനാർത്ഥികൾക്കും ഇലക്ഷൻ മസാല ബോണ്ടായി സ്‌കൂളിൽ നിന്ന് ആയിരം രൂപ വീതം അനുവദിച്ചു. നാളെയാണ് ഫല പ്രഖ്യാപനം. ബൂത്ത് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ വോട്ട് എണ്ണൽ നടക്കും.