കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ റെയിൽവേ ഗേറ്റിന് സമീപം നിൽക്കുന്ന പേരാലിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി. ദുരന്തനിവാരണ സെല്ലിന്റെ അടിയന്തര ഇടപെടലിലാണ് നടപടി. ഇന്നലെ രാവിലെ 7.30നാണ് മരത്തിന്റെ അപകടകരമായി നിന്ന ശിഖരങ്ങൾ മുറിച്ചത്. രാവിലെ തുടങ്ങിയ പണി രാത്രി 7.30 വരെ നീണ്ടു. ബാക്കി ശിഖരങ്ങൾ നാളെ മുറിച്ചുമാറ്രും. പൊതുമരാമത്ത് എൻ.എച്ച് വിഭാഗം ഓവർസിയർ സതീശന്റെ നേതൃത്വത്തിൽ കോർപ്പറേഷന്റെ സഹകരണത്തോടെ ലോറികൾ, ജെ.സി.ബി, ക്രെയിൻ എന്നിവയുൾപ്പടെ വൻ സജ്ജീകരണങ്ങളോടെയാണ് ശിഖരങ്ങൾ മുറിച്ചുമാറ്റിയത്. മുറിച്ചിട്ട ശിഖര ഭാഗങ്ങൾ കോർപ്പറേഷൻ ജീവനക്കാർ നീക്കം ചെയ്തു. കടപ്പാക്കടയിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളുടെ സേവനവും ലഭ്യമായിരുന്നു. രാവിലെ 9 മണി മുതൽ രാത്രി 7.30 വരെ കപ്പലണ്ടിമുക്ക് മുതൽ കോളേജ് ജംഗ്ഷൻ വരെ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചു വിട്ടു. മരത്തിന് താഴെ കടകളും ക്ഷേത്രങ്ങളും ഉള്ളതുകൊണ്ട് വളരെ ശ്രമകരമായാണ് ദൗത്യം പൂർത്തിയാക്കിയത്. കഴിഞ്ഞ 25ന് പേരാലിന്റെ ശിഖരം ഒടിഞ്ഞുവീണ് കപ്പലണ്ടിമുക്ക് ക്യു.എം.സി നഗറിൽ ജോർജ് രാജുവിന് (80 ) ഗുരുതരമായി പരിക്കേൽക്കുകയും 29ന് മരണപ്പെടുകയും ചെയ്തിരുന്നു. മാർച്ച് 26നും ഇതേ മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണ് അപകടം ഉണ്ടായി. അന്നു മുതലേ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.