തൃശൂർ: നഗരത്തിലെ വെള്ളക്കെട്ട് പൂർണമായും കോർപറേഷന്റെ തലയിൽ കെട്ടിവയ്ക്കാൻ പറ്റില്ലെന്ന് മേയർ എം.കെ.വർഗീസ്. വെള്ളക്കെട്ടുണ്ടായ അശ്വിനി ആശുപത്രിയൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകായിയരുന്നു മേയർ. അശ്വിനി ആശുപത്രി പരിസരത്തെ റോഡ് കോർപറേഷന്റെ കൈവശമല്ല. ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ്. അവരാണ് പ്രദേശത്തെ കാനകളെല്ലാം വൃത്തിയാക്കേണ്ടത്. പണമില്ലെന്ന് പറഞ്ഞ് അവർ കൈയൊഴിയുകയാണ്. ഇത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ നഗരത്തിലെ ഈ അവസ്ഥ ബോദ്ധ്യപ്പെടുത്തുമെന്ന് മേയർ പറഞ്ഞു. ജനങ്ങളെ ഇങ്ങനെ ദുരിതത്തിലേക്ക് തള്ളിവിടാൻ സാധിക്കില്ല. കോർപറേഷന് ചെയ്യാവുന്ന കാര്യങ്ങളെല്ലാം തന്നെ നടത്തിവരുന്നുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.