ചാലക്കുടി: കൃഷിയിടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായ ചാലക്കുടിപ്പുഴയിലെ തടയണകളുടെ ഷട്ടറുകൾ ഉയർത്തുന്ന നടപടി ഇനിയും വൈകും. പുഴയിലെ വെള്ളം വീണ്ടും ഉയർന്നതോടെ ഇന്നലെയും ഷട്ടറുകൾ മാറ്റൽ നടന്നില്ല. പുഴയിലെ ജലവിതാനം കുറയ്ക്കുന്നതിന് പെരിങ്ങൽക്കുത്ത് ഡാമിൽ രാവിലെ മുതൽ വൈദ്യുതി ഉത്പ്പാദനം നിർത്തിവച്ചിരുന്നു. തുമ്പൂർമുഴിയിലെ ഡൈവേർഷൻ കേന്ദ്രത്തിൽ പത്തരയോടെ കനാലുകളും തുറന്നു. ഇടതുവലതുകര കനാലുകളിൽ ഒരു മീറ്റർ വെള്ളമാണ് തുറന്നുവിട്ടത്. എന്നാൽ പുഴയിൽ അരയടി വെള്ളമാണ് കുറയ്ക്കാനായത്. പരിയാരത്തെ കൊമ്പൻപാറ തടയണയിലെ ഷട്ടറുകൾ നീക്കാനാണ് പഞ്ചായത്ത് അധികൃതരുടെ ശ്രമം. ഇതിനിടെ തടയണയുടെ മറുഭാഗത്ത് പൂലാനിയിൽ നീരൊഴുക്ക് അൽപ്പം കുറവുണ്ടായ സാഹചര്യത്തിൽ അവിടെയുള്ള ഷട്ടറുകൾ നീക്കാൻ നടത്തിയ ശ്രമവും വിജയിച്ചില്ല. ഒരു പലക മാത്രമാണ് മാറ്റാനായത്. ജോലിക്കാർക്ക് തടയണയിൽ നിൽക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ദൗത്യം അവസാനിപ്പിച്ചു. ഇനി മൂന്ന് ദിവസമെങ്കിലും മഴ വിട്ടുനിന്നാൽ മാത്രമെ ഷട്ടറുകൾ മാറ്റാൻ സാധിക്കുകയുള്ളുവെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. പുഴയിലെ ജലനിരപ്പ് കുറച്ചശേഷം തടയണ ഷട്ടറുകൾ തുറക്കാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.എന്നാൽ വെള്ളിയാഴ്ച പുഴയിലെ വെള്ളക്കുറവും തെളിഞ്ഞ കാലാവസ്ഥയും അനുകൂലഘടമായിരുന്നു. ഇറിഗേഷന്റെ അസി.എക്്‌സി. എൻജിനീയറുടെ അഭാവമായിരുന്നു ഷട്ടറുകൾ മാറ്റുന്നതിന് തടസമായത്. ഇനിയും മഴ ശക്തമായാൽ കപ്പത്തോട്ടിൽ നിന്നും വെള്ളം കയറി കൂടുതൽ വിളകൾ നശിക്കുമെന്ന ആശങ്കയിലാണ് കർശകർ.

ഒഴിയാതെ ദുരിതം