കൊടുങ്ങല്ലൂർ: കനത്ത മഴയെ തുടർന്ന് കൊടുങ്ങല്ലൂരിൽ വ്യാപക നാശനഷ്ടം. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ശനിയാഴ്ച രാവിലെയുണ്ടായ മഴയിലായിരുന്നു കെടുതിയുണ്ടായത്. ചന്തപ്പുര സ്വകാര്യ ബസ് സ്റ്റാൻഡും കൊടുങ്ങല്ലൂർ ബൈപാസിന്റെ ഇരുവശങ്ങളും മുങ്ങി. ദേശീയപാതയിൽ നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച കാന നിറഞ്ഞൊഴുകി സമീപ പ്രദേശങ്ങളിലെ പറമ്പുകളിലേക്ക് കുത്തിയൊലിച്ച് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറി.
അശാസ്ത്രീയമായ കാന നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന വിമർശനമുയർന്നു. പടാകുളം പെട്രോൾ പമ്പ് മുതൽ വടക്ക് ചന്തപ്പുര വരെ റോഡിന്റെ ഇരുവശങ്ങളിലും വെള്ളക്കെട്ടാണ്. വൈകിട്ടും വെള്ളം താഴാതെ നിൽക്കുന്നു. പുല്ലൂറ്റ് എട്ടാം വാർഡിൽ കെ.കെ.ടി.എം കോളേജിന് സമീപം നാലുമാക്കൽ എൻ.കെ.ലാലുവിന്റെ വീടിന് ഇടിമിന്നലിൽ നാശം സംഭവിച്ചു. വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടായി. വീട്ടിലെ മെയിൻ സ്വിച്ച് ബോർഡും മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു.
സ്വിച്ച് ബോർഡ് തകർന്ന് തെറിച്ച നിലയിലായിരുന്നു. വീടുൾപ്പെടെ വലിയ നഷ്ടമാണ് സംഭവിച്ചത്. ലോകമലേശ്വരം പറപ്പുള്ളി ബസാറിൽ ശക്തമായ മഴയിൽ കടപുഴകിയ മരം അടുത്തുള്ള കള്ള് ഷാപ്പിന്റെയും, തയ്യൽക്കടയുടെയും മുകളിൽ വീണു. മരം വീണതിനെ തുടർന്ന് തയ്യൽക്കടയുടെ ഭിത്തി തകർന്നു. അപകടത്തിൽ തയ്യൽ തൊഴിലാളിയായ പതിയാശ്ശേരി രാമചന്ദ്രന് പരിക്കേറ്റു. ഇയാളെ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി.
കൂളിമുട്ടം കിള്ളിക്കുളങ്ങര സദാശിവന്റെ വീടിന് മുകളിൽ തെങ്ങ് വീണു. കയ്പമംഗലം പുത്തൂര് ഗോപിനാഥന്റെ വീടിന് മുകളിൽ പ്ലാവ് വീണു. മേത്തല കണ്ടംകുളം പാലക്കപറമ്പിൽ ലക്ഷ്മണന്റെ വീടിന് മുകളിൽ തെങ്ങു വീണു. എറിയാട് പഞ്ചായത്തിൽ വാഴ വളപ്പിൽ നിസാമിന്റെ വീടിന് മുകളിൽ മരം വീണു. എറിയാട് തേമാലിപ്പള്ളി റഹീമിന്റെ വീടിന് മുകളിൽ തെങ്ങ് വീണു. എറിയാട് നടുമുറി കുട്ടന്റെ പശുതൊഴുത്തിൽ മരം വീണു. ലോകമലേശ്വരം അറക്കത്താഴം അപ്പോഴം വീട്ടിൽ രാധാകൃഷ്ണന്റെ വീടിന്റെ മേൽക്കൂരയിൽ മരം വീണു. എറിയാട് കളവംപാറ പ്രമോദിനിക്ക് ഇടിമിന്നലിൽ ഷോക്കേറ്റു. വീട്ടിലെ മെയിൻ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ചു. വയറിംഗും നശിച്ചു.