ചാലക്കുടി: കനത്ത മഴയിൽ നഗരവും സമീപ പഞ്ചായത്ത് പ്രദേശങ്ങളും വെള്ളക്കെട്ടിൽ. ദേശീയ പാതയിലെ മുരിങ്ങൂർ അടിപ്പാത, ചാലക്കുടി റെയിൽവേ അടിപ്പാത, സൗത്ത് ബസ് സ്റ്റാൻഡ്, ഹൗസിംഗ് കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മുരിങ്ങൂർ അടിപ്പാതയിൽ വെള്ളം കെട്ടിനിന്നതിനാൽ വാഹന ഗതാഗതം തടസപ്പെടുത്തി.
റെയിൽവേ അടിപ്പാതയിലും പതിവുപോലെ വെള്ളം ഉയർന്നു. ഇവിടെയും ഗതാഗതം സ്തംഭിച്ചു. നഗരസഭാ ബസ് സ്റ്റാൻഡിലും വാഹനങ്ങൾക്ക് സുഗമമായി സർവീസ് നടത്താൻ കഴിഞ്ഞില്ല. ഹൗസിംഗ് കോളനിയിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടായി.
കെ.എസ്.ആർ.ടി.സി കണ്ണമ്പുഴ റോഡിലും മണിക്കൂറുകളോളം വെള്ളം കെട്ടിനിന്നു. മേലൂരിലെ വെട്ടുകടവ് - ശാന്തിപുരം റോഡിൽ കാനയിൽ നിന്നും വെള്ളം കയറി. പരിയാരം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കോടശേരി, കാടുകുറ്റി പഞ്ചായത്തിലും വിവിധ സ്ഥലങ്ങൾ വെള്ളക്കെട്ടിൽ വലഞ്ഞു.
കൊടുങ്ങല്ലൂരും വെള്ളക്കെട്ടിൽ
കൊടുങ്ങല്ലൂരിൽ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. ഇടിമിന്നലിൽ പുല്ലൂറ്റും എറിയാടും വീടുകളിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. തണൽമരം കടപുഴകി വീണ് തയ്യൽക്കടയും, കള്ള് ഷാപ്പും തകർന്നു, തയ്യൽ തൊഴിലാളിക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയായിരുന്നു ശക്തിയേറിയ മഴയുണ്ടായത്. ചന്തപ്പുര പ്രൈവറ്റ് ബസ് സ്റ്റാൻഡും കൊടുങ്ങല്ലൂർ ബൈപാസിന്റെ ഇരുവശങ്ങളും മുങ്ങി. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിപ്പിച്ചിരുന്ന കൊടുങ്ങല്ലൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളും വെള്ളക്കെട്ടിലായി.