മാള : വൻ കുടിശ്ശിക മൂലം പഞ്ചായത്തുകൾക്കുള്ള ജല വിതരണം നിറുത്തിവച്ചതിൽ പ്രതിഷേധവുമായി ജല അതോറിറ്റി ഓഫീസിലെത്തി പഞ്ചായത്ത് പ്രസിഡന്റുമാർ. ഇന്നലെ രാവിലെ ആറ് മണി മുതൽ പഞ്ചായത്തുകൾക്കുള്ള ജലവിതരണം ജല അതോറിറ്റി നിറുത്തിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാർ ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചത്. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ്, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, വാർഡ് മെമ്പർമാർ എന്നിവരാണ് ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചത്. ജല അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഫോണിൽ നടത്തിയ ചർച്ചയിൽ കഴിഞ്ഞ മാസത്തെ ബില്ലിന്റെ 50% എങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാം എന്ന ധാരണയിൽ ജല വിതരണം പുനരാരംഭിച്ചു.