പാവറട്ടി : ജില്ലയിൽ ദുരിതം വിതച്ച് കനത്ത മഴ. പലയിടങ്ങളിലും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കടകളിലും വീടുകളിലും വെള്ളം കയറി. റോഡുകൾ വെള്ളത്തിൽ മുങ്ങി വാഹന ഗതാഗതം സതംഭിച്ചു. വർഷക്കാലം തുടങ്ങിയതോടെ നിരവധി തവണയാണ് വെങ്കിടങ്ങ് സെന്ററിളെ കടകളിൽ വെള്ളം കയറിയത്. 15 കടകൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിരമായി വെള്ളം കയറുന്ന സ്ഥലമാണ് ഈ മേഖല. കഴിഞ്ഞവർഷം കലുങ്ക് നിർമ്മാണ പൂർത്തീകരിച്ചിരുന്നു എന്നാലും അശാസ്ത്രീയമായ നിർമ്മാണമാണ് ഇപ്പോൾ വെള്ളക്കെട്ട് രൂപാന്തരപ്പെടുന്നതെന്നാണ് വ്യാപാരികൾ പറയുന്നു. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ യാത്ര ചെയ്യുമ്പോൾ കടയിലേക്ക് വെള്ളമടിച്ച് കയറുകയാണ്. ലക്ഷങ്ങൾ ചെലവാക്കി കലുങ്ക് നിർമ്മിച്ചെങ്കിലും ഈ പ്രദേശത്തെ വെള്ളംക്കെട്ട് ഒഴിവാക്കുവാൻ സാധിച്ചില്ല. ഒരു പെട്ടി ഓട്ടോറിക്ഷയും നിരവധി ഇരു ചക്ര വാഹനങ്ങളും മഴവെള്ളത്തിൽ പെട്ട് തകരാറിലായി. ബസ് സർവീസും വഴിതിരിച്ച് വിട്ടു.

സംരക്ഷണ ഭിത്തി ഇടിഞ്ഞു

പാവറട്ടി : ശക്തമായ മഴയിൽ മുല്ലശ്ശേരി പഞ്ചായത്തിൽ ഊരകം പതിയാർ കുളങ്ങരയിൽ പെരുമാടൻ വർഗീസിന്റെ വീടിന്റെ മുൻവശത്തുള്ള കരിങ്കൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. ഒരു വർഷം മുമ്പ് നിർമ്മിച്ച ഇരുനില വീടിനും അപകടഭീഷണിയായി. പഞ്ചായത്ത് വാർഡ് മെമ്പർ വി.എം. മനീഷ് സ്ഥലത്തെത്തി.

വകതിരിവില്ലാത്ത നിർമ്മാണം
പരിഹരിച്ച് നാട്ടുകാർ

കല്ലൂർ: കോടികൾ ചെലവിട്ട് നിർമ്മാണം പൂർത്തികരിച്ച ആമ്പല്ലൂർ വെള്ളാനിക്കോട് റോഡിന്റെ അശാസ്ത്രീയ നിർമ്മാണം ആലേങ്ങാട് സെന്ററിലെ കടകളിലും വീടുകളിലും വെള്ളം കയറി. പ്രശ്‌നം പരിഹരിച്ച് നാട്ടുകാർ. തൃക്കൂർ പഞ്ചായത്തിലെ മലയോര മേഖലയായ ആലേങ്ങാടിന്റെ ഒരു വശത്ത് കുന്നിൻ പ്രദേശമാണ്. ഇവിടുന്നുള്ള ഇടവഴിയിൽ നിന്നും വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കാണ് പ്രധാന റോഡിലേക്ക് എത്തുന്നത്. കുന്നിൻ മുകളിൽ നിന്നുള്ള വെള്ളം പ്രധാന റോഡിന്റെ കാനയിലേക്ക് എത്താതെ റോഡിൽ എത്തുന്ന രീതിയിലായിരുന്നു നിർമ്മാണം.
വില്ലേജ് ഓഫീസ് മുതൽ പൊതുമരാമത്ത് വകുപ്പ് ഓഫീസുകൾ കയറിയിറങ്ങി മടുത്ത നാട്ടുകാർ ഒടുവിൽ സ്വയം പരിഹാരം കണ്ടെത്തി. വെള്ളം നേരെ റോഡിലേക്ക് ഒഴുകിയെത്തുന്നിടത്ത് ഇരുമ്പു പൈപ്പുകൾ കൊണ്ട് കൾവർട്ടർ നിർമ്മിച്ച് വെള്ളം പൈപ്പുകൾക്കിടയിലൂടെ കാനയിലേക്ക് ഒഴുക്കിവിട്ടു. ഇതോടെ റോഡിൽ വെള്ളം കയറാതിരിക്കാൻ നാട്ടുകാർ തന്നെ പരിഹാരം കണ്ടെത്തി.


വെള്ളത്തിൽ മുങ്ങി പെരുമ്പിലാവ്

കുന്നംകുളം: പെരുമ്പിലാവ് മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന മഴയിൽ പെരുമ്പിലാവ് നഗരം വെള്ളത്തിൽ മുങ്ങി. കടകളിലേക്ക് വെള്ളം കയറി. റോഡിൽ വെള്ളം ഒലിച്ചു പോകാൻ ശാസ്ത്രീയമായ രീതിയിൽ കാനകൾ നിർമിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കാൻ കാരണമായതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. മഴക്കാലം അടുത്തതോടെ ആവശ്യമായ നടപടികളെ കടവല്ലൂർ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതാണ് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായതെന്നും ആരോപണമുണ്ട്. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാത പെരുമ്പിലാവ് സെന്ററിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇരുചക്രവാഹന യാത്രക്കാർക്ക് ഉൾപ്പെടെ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരും വ്യാപാരികളും രംഗത്തെത്തി.

വടക്കാഞ്ചേരിയിൽ
വെള്ളക്കെട്ട്


വടക്കാഞ്ചേരി: കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ശക്തമായി ഒഴുകിയെത്തിയ വെള്ളം കാനകൾ നിറഞ്ഞ് കവിഞ്ഞ് റോഡിലേയ്ക്ക് ഒഴുകി. ഇതുമൂലം ചില പ്രദേശങ്ങളിൽ ഗതാഗത തടസം അനുഭവപ്പെട്ടു. കനത്ത മഴയിൽ വടക്കാഞ്ചേരി, കുമരനെല്ലൂർ, പരുത്തിപ്ര, കുമ്പളങ്ങാട്, തെക്കുംകര, പാർളിക്കാട്, വേലൂർ, മുണ്ടത്തിക്കോട് എന്നീ പ്രദേശങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും കാനകൾ ഇല്ലാത്തതിനാൽ വെള്ളം റോഡിലേയ്ക്ക് ഒഴുകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി. വടക്കാഞ്ചേരി പുഴയിലെ ജലനിരപ്പ് ഉയർന്നു. ചെറുകാടുകളിൽ നിന്നും വാഴാനി അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ഉണ്ടായ കനത്ത ഇടിമിന്നലിൽ വ്യാപകമായി നാശനഷ്ടങ്ങളും സംഭവിച്ചു. നിരവധി വീടുകളിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.