പാവാട്ടി: എളവള്ളി പഞ്ചായത്തിലെ കണ്ടപ്പൻ ചീർപ്പ് മുളങ്കൂട്ടം കടപുഴകി വീണ് അടഞ്ഞത് മണിക്കൂറുകൾക്കുള്ളിൽ വൃത്തിയാക്കി പഞ്ചായത്ത്. കൊച്ചിൻ ഫ്രെണ്ടിയോർ തോടിനു കുറുകെയാണ് കണ്ടപ്പൻ ചീർപ്പ് സ്ഥിതി ചെയ്യുന്നത്. തോടരികിൽ നിന്നിരുന്ന മുളങ്കൂട്ടം വീണ് ഒഴുകി വന്ന് ചീർപ്പിന്റെ അടിഭാഗം അടയുകയായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെട്ട് തടസങ്ങൾ നീക്കുകയായിരുന്നു. 12 കി.മി. ദൈർഘ്യമുള്ള തോടിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. യന്ത്രത്തിന്റേയും വിദഗ്ദരായ തൊഴിലാളികളുടേയും സഹായത്തോടെയാണ് തടസങ്ങൾ നീക്കിയത്. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ജനപ്രതിനിധികളായ എൻ.ബി. ജയ, ടി.സിമോഹനൻ, പൊതു പ്രവർത്തകരായ മനോജ് വാഴപ്പിലാത്ത്, എ.എ. മാധവൻ, ടി.എം. സന്തോഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.