ചാലക്കുടി: സൗത്ത് ജംഗ്ഷൻ, ഹൗസിംഗ് ബോർഡ് കോളനി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പള്ളിത്തോട്ടിൽ നഗരസഭയുടെ ശുചീകരണം ആരംഭിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൂടി പള്ളി തോട്ടിലേക്ക് എത്തിചേരുന്ന തോട്ടിലെ തടസങ്ങളാണ് പ്രധാനമായും നീക്കുന്നത്. കെട്ടുകൾ ഇടിഞ്ഞും മരങ്ങൾ വളർന്നും വെള്ളം ഒഴുകി പോകാത്ത അവസ്ഥയിലായിരുന്ന തോട് ഹിറ്റാച്ചി ഉപയോഗിച്ച് താഴ്ത്തി തടസങ്ങൾ നീക്കുകയാണ്. ഡിപ്പോ വളപ്പിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഇതുമൂലം സാധിക്കും. യന്ത്രമിറക്കി ശുചീകരണം നടത്താൻ സാധിക്കാതിരുന്ന ഇടുകൂട് തോട്, കുട്ടാടം പാടം തോട്, അട്ടാതോട് ആര്യങ്കാല തോട്, എന്നിവിടങ്ങളിൽ തൊഴിലാളികളെ ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.കാരക്കുളത്തു നാട് ഭാഗത്തെ പറയൻ തോട് ശുചീകരണം തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.