ചാലക്കുടി: മഴ തുടരുമ്പോഴും ശോഷിച്ച് അതിരപ്പിള്ളി, ചാർപ്പ വെള്ളച്ചാട്ടങ്ങൾ. വേനൽമഴ ശക്തിയാർജ്ജിച്ച കഴിഞ്ഞ രണ്ട് ആഴ്ചകളിലും അതിരപ്പിള്ളിയിൽ കാര്യമായ ഒഴുക്ക് അനുഭവപ്പെട്ടില്ല. ചാർപ്പയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഇതിനിടെ മലയോരങ്ങളിലെ തോടുകളിൽ നിന്നും കുത്തൊഴുക്കുണ്ടായ മേയ് 28ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കനത്തു. പുഴയിലെ മറുകരയിലുള്ള തോട്ടിൽ നിന്നും വലിയ തോതിൽ വെള്ളം കുത്തിയൊഴുകിയിരുന്നു. തുടർന്ന് രണ്ട് ദിവസവും മനോഹരമായ വെള്ളച്ചാട്ടം അനുഭവപ്പെട്ടു. എന്നാൽ ഇന്നലെ സ്ഥിതി കൂടുതൽ മോശമായി. വേനൽക്കാലത്തിന്റെ അവസ്ഥയിലായിരുന്നു വെള്ളച്ചാട്ടം. ഷോളയാർ മുതൽ അതിരപ്പിള്ളി വരെ പുഴയിലും ഇപ്പോൾ കാര്യമായ വെള്ളമില്ല. എന്നാൽ വെള്ളച്ചാട്ടത്തിന് താഴെ കണ്ണൻകുഴി തോട്, പരിയാരം കപ്പത്തോട് തുടങ്ങിയ തോടുകളിൽ നിന്നുളള വെള്ളത്തിന്റെ വരവിനെ തുടർന്നുള്ള പുഴയുടെ ഒഴുക്കിൽ വലിയ കുറവ് അനുഭവപ്പെടുന്നില്ല.