
കൊടുങ്ങല്ലൂർ: സാമൂഹിക ജനാധിപത്യം രാജ്യ പുരോഗതിയുടെ ആണിക്കല്ലാകണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് പറഞ്ഞു. കെ.പി.എം.എസ് കൊടുങ്ങല്ലൂർ യൂണിയൻ കമ്മിറ്റിസംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിൽ പാർശ്വവത്കൃത ദുർബല ജന വിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ മുന്നിട്ടിറങ്ങണമെന്നും പി.എ.അജയഘോഷ് കൂട്ടിച്ചേർത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും, സംസ്ഥാന നേതാക്കൾക്കും ശാഖാ ഭാരവാഹികൾക്കും യോഗം അനുമോദനം നൽകി. യൂണിയൻ പ്രസിഡന്റ് മിഥുൻ പാറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി.എൻ.സുരൻ, ശശി കൊരട്ടി, യൂണിയൻ സെക്രട്ടറി ഷാജു വാര്യത്ത്, സി.എ.സത്യൻ, എ.എസ്.സിജോ, ശ്രീദേവി അനിൽ, മനോജ് തെക്കേ മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.