ചേർപ്പ് : പതിവ് തെറ്റാതെ ഇക്കുറിയും പുതിയ അദ്ധ്യയന വർഷത്തിൽ ഊരകം സി.എം.എസ് എൽ.പി വിദ്യാലയത്തിൽ ഇരട്ടക്കുട്ടികളുടെ സംഘം ഹാജർ. എട്ട് പേരടങ്ങിയ സംഘത്തിൽ 16 ഓളം പേർ പുതിയ അദ്ധ്യയന വർഷം പ്രവേശനം തേടിയെത്തി. പുതുവസ്ത്രങ്ങളും, ബാഗും കുടകളും, കൈയിൽ കടലാസ് പൂക്കളും തൊപ്പിയും ധരിച്ചെത്തിയ ഇരട്ടക്കുട്ടികളുടെ കൂട്ടത്തെ സ്‌കൂൾ പ്രധാന അദ്ധ്യാപിക ലീ മോൾ സി.വർഗീസും മറ്റ് സഹ അദ്ധ്യാപകരും ചേർന്ന് മധുരപലഹാരങ്ങളും, കളിപ്പാട്ടങ്ങളും നൽകി സ്വീകരിച്ചു. പുതിയക്ലാസിലേക്ക് ഇവരെ പ്രവേശിപ്പിച്ചു. സ്‌കൂൾ പ്രവേശനോത്സവം ചേർപ്പ് പഞ്ചായത്ത് വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിദ്യാരമേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ബിജീഷ് പുളിമ്പറമ്പിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.ബി.പ്രജിത്ത് സൗജന്യ പാഠപുസ്തങ്ങളും യൂണിഫോമുകളും വിതരണം ചെയ്തു. ലീമോൾ സി.വർഗീസ്, സുരേന്ദ്രൻ പൂത്തേരി, സിബിൻ ടി.ചന്ദ്രൻ, സ്മിജ ജോസ്, എൻ.ഡി.ദിവ്യ, സാലി ആൽവിൻ തുടങ്ങിയവർ പ്രസംഗിച്ചു