കൗണ്ടിംഗ് ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ഗവ. എൻജിനീയറിംഗ് കോളജിലാണ് നടക്കുന്നത്. ഇന്ന് രാവിലെ ഏഴിന് സ്‌ട്രോംഗ് റൂം തുറക്കും. വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ രാവിലെ ആറിന് കേന്ദ്രങ്ങളിൽ ഹാജരാകണം. ജീവനക്കാർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് ധരിക്കണം. വോട്ടെണ്ണൽ ഡ്യൂട്ടിക്കുള്ള ആദ്യഘട്ട റാൻഡമൈസഷൻ കഴിഞ്ഞു. രണ്ടാംഘട്ട റാൻഡമൈസേഷനിൽ നിയമസഭാ മണ്ഡലവും കഴിഞ്ഞദിവസം നിർണയിച്ചു. അവസാനത്തെ റാൻഡമൈസേഷനിലാണ് ഏത് ടേബിളിലാണ് ഡ്യൂട്ടിയെന്ന് അറിയുക. വെളുപ്പിന് അഞ്ചിനാണ് അവസാനഘട്ട റാൻഡമൈസേഷൻ നടക്കുക. വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോണുകൾ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക റൂമിൽ ജീവനക്കാർക്ക് ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാം. റിസർവ് ഉൾപ്പെടെ 546 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
ആദ്യം പോസ്റ്റൽ ബാലറ്റ്
രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ ലഭിച്ച തപാൽ വോട്ടുകൾ 11392 ആണ്. 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ ഉൾപ്പെട്ട ആബ്‌സന്റീ വോട്ടർമാർ 5968, ഭിന്നശേഷിക്കാർ 2906, അവശ്യസർവീസ് ജീവനക്കാർ 257, വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ 1926 എന്നിങ്ങനെ തപാൽ വോട്ടുകൾ ലഭിച്ചു. സർവീസ് വോട്ടർമാരിൽ (ഇ.ടി.പി.ബി.എസ്) ഇതുവരെ 335 തപാൽ വോട്ടുകളും ലഭിച്ചു. ഇന്ന് രാവിലെ എട്ടുവരെ ഇ.ടി.പി.ബി.എസ് സ്വീകരിക്കും.
മൂന്ന് ഹാളുകളിലായി 10 ടേബിളുകൾ വീതം 30 ടേബിളുകളാണ് പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്. ഇ.ടി.പി.ബി.എസ് വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ടു ടേബിളുകളിലായി പ്രീ കൗണ്ടിങ് സൂപ്പർവൈസർമാരും അസിസ്റ്റന്റുമാരും മൈക്രോ ഒബ്‌സർവരെയും നിയോഗിച്ചു. റിസർവ് മെഷീനുകളും സജ്ജമാണ്. ഓരോ ടേബിളിലും എ.ആർ.ഒമാർ മേൽനോട്ടം വഹിക്കും.
തപാൽ വോട്ട് ആകെ 11392