തൃശൂർ: വോട്ടെണ്ണൽ കേന്ദ്രമായ ഗവ. എൻജിനീയറിംഗ് കോളേജിൽ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ സന്ദർശിച്ച് അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി. എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ഉറപ്പാക്കി. വിവിധ വോട്ടെണ്ണൽ ഹാളുകൾ സന്ദർശിച്ച് ഉപവരണാധികാരികൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. സോഫ്റ്റ് വെയർ അപ്‌ഡേഷൻ സംബന്ധിച്ച വിവരങ്ങളും വോട്ടെണ്ണൽ ദിനത്തിൽ പാലിക്കേണ്ട നടപടിക്രമങ്ങളും വ്യക്തമാക്കി. പൊലീസ് സുരക്ഷ, സി.സി.ടി.വി ക്യാമറ തുടങ്ങിയ പരിശോധിച്ചു. ജനറൽ ഒബ്‌സർവർ പി. പ്രശാന്തി, കൗണ്ടിംഗ് ഒബ്‌സർവർമാരായ മഹ്മൂദ് ഹസൻ, ബേദേംഗ ബിശ്വാസ്, ഉപവരണാധികാരികൾ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു. ജനറൽ ഒബ്‌സർവർ പി. പ്രശാന്തി പോസ്റ്റൽ ബാലറ്റ്, തൃശൂർ, നാട്ടിക മണ്ഡലങ്ങളിലെ ഇ.വി.എം, കൗണ്ടിംഗ് ഒബ്‌സർവർമാരായ മഹ്മൂദ് ഹസൻ ഇരിങ്ങാലക്കുട, പുതുക്കാട് ഇ.വി.എം, ബേദേംഗ ബിശ്വാസ് ഗുരുവായൂർ, മണലൂർ, ഒല്ലൂർ എന്നീ മണ്ഡലങ്ങളിലെ ഇ.വി.എം മെഷീനുകളുടെ വോട്ടെണ്ണലിന് മേൽനോട്ടം വഹിക്കും.