photo

പാവറട്ടി: കാലപ്പഴക്കത്തിൽ തകർന്ന് വെങ്കിടങ്ങ് പതിനേഴാം വാർഡിലെ കൂണ്ടഴിയൂർ ചീർപ്പ്. കനോലി കനാലിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഉപ്പ് വെള്ളം കയറാതിരിക്കാനാണ് ഈ ചീർപ്പ് നിർമ്മിച്ചത്. ഇത് വർഷങ്ങളായി കോൺക്രീറ്റ് തകർന്ന് ജീർണ്ണാവസ്ഥയിലാണ്. ഉപ്പ് വെള്ളം കയറി 15,16,17 വാർഡുകളിലെ കുടിവെള്ള കിണറുകളും നിരവധി ഏക്കർ തെങ്ങ് കൃഷിയും നശിപ്പിച്ചു. അധികൃതർ അറിഞ്ഞിട്ടും അറിയാത്ത മട്ടിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി ഗ്രാമ സഭകളിൽ നാട്ടുകാർ വിഷയം അവതരിപ്പിച്ചുവെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞു മാറ്റിവച്ചതായി നാട്ടുകാർ പറഞ്ഞു. വേലിയേറ്റവും വേലിയിറക്കവും ചീർപ്പീലൂടെ തടസമില്ലാതെ നടക്കുകയാണ്. ജീർണ്ണാവസ്ഥയിലായ ചീർപ്പിൽ ഇപ്പോൾ പത്ത് വർഷത്തിലധികമായി പലകയിടാറില്ല. ഇരുനൂറ് മീറ്റർ തെക്ക് ഭാഗത്തായി സ്വകാര്യ വ്യക്തിയുടെ പുഴയോരം തകർന്ന് കിടക്കുകയാണ്. ഈ ഭാഗത്തിലൂടെ വെള്ളം കയറുകയാണ്. ഇവിടെ പുഴയോരം സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം വകയിരുത്തി ടെണ്ടർ നടത്തിയെങ്കിലും ഈ വഴി വാഹനമെത്തില്ലെന്ന് പറഞ്ഞ് കരാറുകാരൻ പിൻമാറി.നിർമ്മാണത്തിന് മൈനർ ഇറിഗേഷൻ അനുമതി ലഭിച്ചിരുന്നു. ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം ഉണ്ടായതിനെ തുടർന്ന് നീർത്തട നടത്തം നടത്തിയെങ്കിലും അതിലും ഫണ്ട് അനുവദിച്ചില്ല. ഇതേ അവസ്ഥയിലുള്ള പഞ്ചായത്തിലെ പതിനാലാം വാർഡിലെ വേട്ടക്കൊരുമകൻ ചീർപ്പ് നാല് വർഷം മുൻപ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിതീർത്തിരുന്നു.

പടം : ജീർണ്ണാവസ്ഥയിലായ കുണ്ടഴിയൂർ ചീർപ്പ്.

കുണ്ടഴിയൂർ ചീർപ്പ് പുതുക്കി പണിയണം.തകർന്ന പുഴയോരം കെട്ടി സംരക്ഷിക്കണം. നാട്ടുകാർ

തിരിഞ്ഞ് നോക്കാതെ അധികൃതർ