ചാലക്കുടി: അതിരപ്പിള്ളിയുടെ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകൾ മാത്രമല്ല അവയുടെ പിന്നാലെ പോകുന്ന ബ്ലോഗർമാരും വനപാലകർക്ക് തലവേദനയാകുന്നു. ആനകളുടെ ചിത്രങ്ങളും വീഡിയോയും മൊബൈലിൽ പകർത്താൻ പുറകെ പോകുന്ന ബ്ലോഗർമാർ ആനകളെ അക്രമാസക്തരാക്കുകയാണ്. ആനകളെ എവിടെ കണ്ടാലും ഒരുകൂട്ടം യുവാക്കൾ ചിത്രീകരണത്തിനായി തമ്പടിക്കും. അവധി ദിവസങ്ങളാണെങ്കിൽ ഇവരുടെ എണ്ണം നൂറോളം വരും. ആളുകളെ കൂട്ടത്തോടെ കാണുന്ന ആനകൾ വന്നിടത്തേക്ക് മടങ്ങാതെ പലപ്പോഴും എണ്ണപ്പന തോട്ടത്തിലും ചുറ്റി കറങ്ങുകയാണെന്ന് വനപാലകർ പറയുന്നു. കുട്ടികൾ ഒപ്പമുള്ള പിടിയാനകൾ ചിലപ്പോഴൊക്കെ അക്രമാസക്തമാകുന്നത് ഇത്തരത്തിൽ റോഡിലെ ആൾക്കൂട്ടത്തെ കണ്ട് ഭയന്നാണ്. കഴിഞ്ഞ ദിവസം തുമ്പൂർമുഴി പത്തേയാറിൽ നാല് ആനകൾ റോഡ് മുറിച്ചു കടന്നത് ചിത്രീകരിക്കാൻ യുവാക്കൾ അണിനിരന്നിരുന്നു. പിന്നീട് എണ്ണപ്പനത്തോട്ടത്തിൽ ബ്ലോഗർമാർ തടിച്ചുകൂടി. വെറും 30 മീറ്റർ മാത്രം അകലത്തിലായിരുന്നു ആനകളുടെ നിൽപ്പ്. ഏതെങ്കിലും സാഹചര്യത്തിൽ ആനകൾ റോഡിലേക്ക് കുതിച്ചെത്തിയാലുള്ള അപകടം ഇവർ ചിന്തിക്കുന്നില്ല. ഇതെല്ലാം തങ്ങളുടെ അവകാശവും ദൗത്യവുമാണെന്ന ഭാവത്തിലാണ് യുവാക്കൾ. ആനകളുടെ വഴിമുറിച്ചു കടക്കൽ മൊബൈലിൽ പകർത്തുന്നതിന് മറ്റു ജില്ലകളിൽ നിന്നും നിരവധി യുവാക്കളും എത്തുന്നുണ്ട്. ഇവർ പലയിടങ്ങളിലായി ഫോണും കാമറകളും പിടിച്ച് ആനകളുടെ വരവും നോക്കി പതിയിരിക്കുന്നതും സ്ഥിരം കാഴ്ചയാണ്. ആനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിനേക്കാൾ ദുരിതമാണ് വനപാലകർക്ക് അവയുടെ ചിത്രീകരണത്തിനുള്ള ആളുകളുടെ തള്ളിക്കയറ്റം.