കൊടുങ്ങല്ലൂർ : കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ഓട്ടോറിക്ഷക്കാർ ജാഗ്രതെ. മോട്ടോർ വാഹന വകുപ്പ് നിരീക്ഷണം കടുപ്പിച്ചിട്ടുണ്ട്. ലൈസൻസ് ഉൾപ്പെടെ റദ്ദാക്കും. വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് സ്‌കൂളുകൾ കയറിറങ്ങി പരിശോധന നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ ആദ്യദിവസമാണ് മോട്ടോർ വാഹന വകുപ്പ് നടപടി. ഫിറ്റ്‌നസ് ടെസ്റ്റിൽ തോറ്റതോ, ഫിറ്റ്‌നസ് ടെസ്റ്റിൽ പങ്കെടുക്കാത്തതുമായ വാഹനങ്ങളിൽ കുട്ടികളെ കയറ്റിയോ എന്നത് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. വാഹനങ്ങൾ ഫിറ്റ്‌നസ് പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്ക് ശേഷം അവ നീക്കം ചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാൻ ഇടവേളകളിൽ പരിശോധന നടത്തും. ഇതു സംബന്ധിച്ച് സ്‌കൂളുകളിലെ അദ്ധ്യാപകരുമായി ഉദ്യോഗസ്ഥർ സംസാരിച്ചു.