നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലയ്ക്കലിൽ റോഡ് ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിക്കുന്നു.
ചേർപ്പ് : തൃശൂർ- കൊടുങ്ങല്ലൂർ പാതയിൽ പാലയ്ക്കലിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പാലയ്ക്കൽ മാർക്കറ്റ് മുതൽ സെന്റർ വരെയാണ് അതിവേഗ നിർമ്മാണ പ്രവൃത്തികൾ ഇന്നലെ രാവിലെ മുതൽ പുനരാരംഭിച്ചത്. പാലയ്ക്കലിൽ ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ച് തുടങ്ങി. മഴ മാറി നിൽക്കുന്നതിനാൽ നിർമ്മാണ പ്രവൃത്തികൾ ദിവസങ്ങൾക്കകം പൂർത്തീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാലയ്ക്കലിൽ വാഹനഗതാഗത പരിഷ്‌കാരവും ഇന്നലെ മുതൽ നിലവിൽ വന്നു.
നിർമ്മാണച്ചെലവ് അധികരിച്ചതിനെത്തുടർന്നും കരാർതുക സമയബന്ധിതമായി ലഭിക്കാത്തതിനാലും തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാത നിർമ്മാണത്തിൽ നിന്ന് കരാർ കമ്പനി പിൻവാങ്ങിയിരുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കിടെ പാലയ്ക്കലിൽ വ്യാപകമായി റോഡ് തകർന്നിരുന്നു. കോൺഗ്രസ് പ്രവർത്തകർ റോഡ് തടയുന്നത് ഉൾപ്പടെയുള്ള സമരങ്ങൾ നടത്തിയിരുന്നു. തുടർന്ന് എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിലാണ് പാലയ്ക്കൽ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ധാരണയായത്.