photo

പുതുക്കാട്: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിൽ പുതുക്കാട് മേൽപാലത്തിൽ പ്രതീക്ഷ അർപ്പിച്ച് നാട്ടുകാർ. ഇടപ്പിള്ളി-മണ്ണുത്തി പാത ആറുവരിയായി വികസിപ്പിക്കുതോടെ അടിപ്പാതയുടെ നിർമ്മാണം പരിഗണിക്കുമെന്ന അധികൃതരുടെ വാക്ക് പാഴ്‌വാക്കായിരുന്നു. ദേശീയപാതയിൽ ഏഴിടങ്ങളിൽ അടിപ്പാത നിർമ്മിക്കാൻ പദ്ധതിയിട്ടപ്പോഴും പുതുക്കാടിനെ അവഗണിച്ചു.
വർഷങ്ങളായുള്ള ആവശ്യമായിരുന്നു ദേശീയ പാതയിൽ പുതുക്കാട് മേൽപാലം വേണമെന്നത്. ഈ ആവശ്യം കോടതി വഴി ലക്ഷ്യത്തോടടുത്തെങ്കിലും നടക്കാതായതോടെ കെ.കെ.രാമചന്ദ്രൻ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് ലഭിച്ച മറുപടിയിൽ ദേശീയ പാത ആറുവരിയായി വികസിപ്പിക്കുന്നതോടെ നിർമ്മിക്കുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിച്ചതെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ ഇതിനിടെയാണ് പുതുക്കാട് ഒഴികെ എഴിടത്ത് അടിപ്പാത നിർമ്മിക്കുമെന്ന് ടി.എൻ.പ്രതാപൻ എം.പി.പ്രഖ്യാപിച്ചത്. ഈ അവസരത്തിലാണ് സുരേഷ് ഗോപിയുടെ വിജയം. പുതുക്കാട് സെന്ററിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതുക്കാട് മേൽപാലം സംബന്ധിച്ച് ബി.ജെ.പി പ്രവർത്തകർ മാസങ്ങൾക്ക് മുൻപ് സുരേഷ്‌ഗോപിക്ക് നിവേദനം സമർപ്പിച്ചിരുന്നു. സുരേഷ് ഗോപി വിജയിച്ചാൽ അടിപ്പാതയല്ല മേൽപ്പാലം തന്നെ നിർമ്മിക്കുമെന്നാണ് ബി.ജെ.പി പ്രവർത്തകർ വാഗ്ദാനം ചെയ്തത്. അദ്ദേഹം നേരിട്ടെത്തി സ്ഥലം സന്ദർശിച്ചിരുന്നു. സുരേഷ് ഗോപി വിജയിക്കുകയും എൻ.ഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തിയാൽ പുതുക്കാട് മേൽപ്പാലം ഉയരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.