 
തൃശൂർ: ടി.എൻ. പ്രതാപനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെ കലങ്ങിമറിഞ്ഞ് ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയം. അപ്രതീക്ഷിത തിരിച്ചടിയിൽ താഴേത്തട്ട് മുതൽ എന്ത് സംഭവിച്ചെന്ന് ആഴത്തിൽ പഠിച്ച് ആത്മപരിശോധനയിലാണ് ഇടതുക്യാമ്പ്. അതേസമയം, വമ്പൻജയത്തിന്റെ ത്രില്ലിൽ മതിമറന്ന നിലയിലാണ് ബി.ജെ.പി.
പ്രചാരണസമയത്ത്, തനിക്ക് ചുരുങ്ങിയത് രണ്ടുലക്ഷം ഭൂരിപക്ഷമുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ പലരും തള്ളിക്കളഞ്ഞിരുന്നു. പക്ഷേ, മുക്കാൽ ലക്ഷത്തോളമെത്തിയ ഭൂരിപക്ഷം എങ്ങനെ കിട്ടിയെന്ന് വിശദമായി പഠിക്കുകയാണ് ഇടതുവലതു ക്യാമ്പുകൾ.
ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനിൽ പോലും വികസനഫണ്ട് എത്തിച്ചതും ടി.എൻ. പ്രതാപൻ എം.പിയെക്കാളും സജീവമായി വികസനത്തിൽ ഇടപെടുന്നുവെന്ന ധാരണയും സൃഷ്ടിച്ചതാണ് നഗരത്തിലും തൃശൂർ നിയമസഭാ മണ്ഡലത്തിലും എൻ.ഡി.എ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നാണ് കണക്കുകൂട്ടലുകളിലാെന്ന്. തൃശൂർ പൂരം വിവാദങ്ങളും പൊലീസ് കമ്മിഷണറുടെ നടപടികളും സുരേഷ് ഗോപിയുടെ ജയത്തോടെ മുന്നണികളിൽ ചർച്ചയാവുകയാണ്.
സംഘടനാദൗർബല്യത്തിൽ തകർന്ന് കോൺഗ്രസ്
മുൻകാലങ്ങളിൽ ഗ്രൂപ്പ് പോരായിരുന്നു തൃശൂരിലെ കോൺഗ്രസിനെ തകർത്തിരുന്നതെങ്കിൽ ഇത്തവണ സംഘടനാ ദൗർബല്യമായിരുന്നു. ഗ്രൂപ്പുകൾ ഒന്നാകെ നിഷ്‌ക്രിയമാകുകയും നേതൃത്വത്തിന്റെ വീഴ്ച പലപ്പോഴും പുറത്തുവരികയും ചെയ്തു. ജില്ലയിലെ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയതും ക്ഷീണമുണ്ടാക്കി. താഴെത്തട്ടിലുള്ള പ്രവർത്തനം മുൻകാലങ്ങളിൽ കാണാത്ത തരത്തിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പലയിടങ്ങളിലും പ്രവർത്തിക്കാൻ ആളില്ലാത്ത നിലയിലായിരുന്നു. ഡി.കെ. ശിവകുമാറിന്റെ ചടങ്ങിൽ പോലും വേണ്ടത്ര പ്രവർത്തകരില്ലാതായതും തിരിച്ചടിച്ചു.
എൽ.ഡി.എഫിനെ ഉലച്ച് വിവാദങ്ങൾ
പ്രചാരണപ്രവർത്തനങ്ങൾ നയിക്കുന്നതിൽ പാകപ്പിഴകൾ സംഭവിച്ചതായാണ് വിമർശനങ്ങളിലൊന്ന്. കരുവന്നൂർ വിവാദത്തെ തുടർന്ന് സി.പി.എം പ്രതിരാേധത്തിലാകുകയും പാർട്ടി ഫണ്ട് മരവിപ്പിച്ചുവെന്ന റിപ്പോർട്ടുകളും പ്രചാരണത്തെ ഉലച്ചു. മന്ത്രിമാർ പോലും പൂരവിവാദത്തിൽ ഗൗരവത്തോടെ ഇടപെട്ടിരുന്നില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ നടപടിയെടുത്തില്ലെന്നും ആരോപണമുയർന്നു.