tn-prathapan

തൃശൂർ: തൃശൂരിൽ കെ. മുരളീധരനന്റെ തോൽവിക്കു പിന്നാലെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും സിറ്റിംഗ് എം.പിയുമായ ടി.എൻ. പ്രതാപനും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഇവർക്കെതിരായ പോസ്റ്റർ ഡി.സി.സി ഓഫീസിന്റെ മതിലിൽ പതിച്ചു. ജോസ് വള്ളൂർ രാജിവയ്ക്കുക, പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ പിന്നീട് നീക്കി.

പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണക്കമരത്തോട് എങ്ങനെയായിക്കും ഇവരുടെ സമീപനമെന്ന വിമർശനമാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയത്. കെ. മുരളീധരനായിട്ടുവരെ ഇവർ ഇങ്ങനെ ചെയ്തു. അപ്പോൾ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ സ്ഥിതി എന്താകും. പ്രതാപനും ജോസ് വള്ളൂരും ചുമതലകൾ രാജിവയ്‌ക്കണമെന്നും യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. മുഹമ്മദ് ഹാഷീം, കാവ്യ രഞ്ജിത്ത്, അഡ്വ. എബി തോമസ്, മുഹമ്മദ് സറൂക്ക്, കെ.എസ്.യു നേതാക്കളായിരുന്ന നിഖിൽ ജോസ്, എം.ടി. നിതീഷ് എന്നിവർ പറഞ്ഞു. തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എന്നിവർക്ക് പരാതി നൽകും. പ്രചരണത്തിന് കെ. മുരളീധരനെത്തിയപ്പോൾ സ്വന്തം പഞ്ചായത്തിൽ പ്രതാപനുണ്ടായിരുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി.